സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കാവുന്ന സാഹചര്യം നിലവിലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാമൂഹിക അകലം പാലിക്കുകയെന്ന മാനദണ്ഡം പാലിച്ചുകൊണ്ട് ക്ലാസ് നടത്താന്‍ കഴിയുമെന്ന് തോന്നുന്നില്ല. ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ക്ലാസുകള്‍ ആരംഭിക്കാമെന്ന നിര്‍ദേശവും പ്രായോഗികമല്ല. ഓണ്‍ലൈന്‍ സംവിധാനം തന്നെ തുടരേണ്ടിവരും. കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മിക്ക സര്‍വകലാശാലകളിലും കോളജുകളിലും കഴിഞ്ഞ സെമസ്റ്ററുകളുടെ അവസാന ഭാഗങ്ങള്‍ ഓണ്‍ലൈന്‍ വഴിയാണ് പൂര്‍ത്തിയാക്കിയതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
അടുത്ത അക്കാദമിക വര്‍ഷം സീറോ അക്കാദമിക് വര്‍ഷം ആക്കണമെന്ന ചര്‍ച്ച ദേശീയതലത്തില്‍ ഉയര്‍ന്നിട്ടുണ്ട്. അധ്യയനവും പരീക്ഷയും ഒഴിവാക്കുന്ന രീതിയാണ് സീറോ അക്കാദമിക് വര്‍ഷം എന്നതു കൊണ്ടുദ്ദേശിക്കുന്നത്. എന്നാല്‍, യു ജി സി ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. വിദ്യാഭ്യാസത്തിനൊപ്പം സുരക്ഷക്കും സംസ്ഥാന സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നുണ്ട്. ഇതില്‍ പ്രഥമ പരിഗണന സുരക്ഷക്കു തന്നെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.