പ്രധാനമന്ത്രിക്ക് കത്തയച്ച് ടി.എന്‍ പ്രതാപന്‍ എം.പി.

Advertisement

Advertisement

പരിസ്ഥിതി ആഘാത പഠനം 2020 കരട് പരിസ്ഥിതിക്കും ആവാസ വ്യവസ്ഥക്കും വലിയ ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി ടി.എന്‍ പ്രതാപന്‍ എം.പി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പരിസ്ഥിതി വനം വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്ക്കര്‍ക്കും കത്തയച്ചു. രാജ്യാന്തര തലത്തില്‍ നിലനില്‍ക്കുന്ന പരിസ്ഥിതി സംരക്ഷണ യജ്ഞങ്ങളോടുള്ള നഗ്‌നമായ ലംഘനമാണ് പുതിയ ഇ.ഐ.എ കരട്. പ്രകൃതിയെ അമ്മയെ പോലെ കരുതുന്ന ഭാരതീയ പൈതൃകത്തിനും ഈ നിലപാട് എതിരാണ്. നൈമിഷികമായ ലാഭത്തിന് പ്രകൃതിയെയും ആവാസ വ്യവസ്ഥയെയും കുരുതി കൊടുക്കുന്നത് അംഗീകരിക്കാനാവില്ല എന്നും ടി.എന്‍ പ്രതാപന്‍ കത്തില്‍ പറയുന്നു. നിലവിലുള്ള സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ കോര്‍പറേറ്റ് മുതലാളിത്ത താല്‍പര്യങ്ങള്‍ക്ക് കുടപിടിക്കാമെന്ന് കരുതുന്നത് ആത്മഹത്യാപരമാണ്. ചൂഷക വ്യവസ്ഥിതിയെ പ്രോത്സാഹിപ്പിക്കാനുള്ള ഈ നീക്കം മണ്ണും വായുവും ജലാശയവും വിഷമയമാക്കും. ലോകത്തിലേറ്റവും മലിനീകരിക്കപ്പെട്ട നഗരങ്ങള്‍ ഇന്ത്യയിലാണ്. ഏറെ കൊട്ടിഘോഷിക്കുന്ന സ്വച്ഛ് ഭാരത് മിഷനെല്ലാം വെറും പൊള്ളയായ മേനി പറച്ചിലാണെന്ന് ഇത്തരം വസ്തുതകളും നയങ്ങളും വ്യക്തമാക്കുന്നതായി ടി എന്‍ പ്രതാപന്‍ കുറ്റപ്പെടുത്തുന്നു. ഇ ഐ എ 2020 കരടിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങളുയരുമ്പോള്‍ പരാതികള്‍ ബോധിപ്പിക്കാനും ആശങ്കകള്‍ അറിയിക്കാനും മറ്റുമായി കേന്ദ്ര സര്‍ക്കാര്‍ പൊതുജനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള സമയം ഈ മാസം 20 വരെ നീട്ടണമെന്നും ടി എന്‍ പ്രതാപന്‍ ആവശ്യപ്പെട്ടു.