കവിയും ഗാനരചയിതാവുമായ ചുനക്കര രാമന്‍കുട്ടി(84) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് കുറച്ചുദിവസമായി ചികിത്സയിലായിരുന്നു. ബുധനാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. ഇരുന്നൂറോളം ചലച്ചിത്ര ഗാനങ്ങള്‍ രചിച്ചിട്ടുള്ള ചുനക്കര രാമന്‍കുട്ടിയുടെ തുടക്കം ആകാശവാണിയിലൂടെയായിരുന്നു. നിരവധി നാടകഗാനങ്ങളും എഴുതിയിട്ടുണ്ട്. ‘ശ്യാമമേഘമെ നീ’, ‘ഹൃദയവനിയിലെ ഗായികയോ’, ‘ദേവദാരു പൂത്തു എന്‍ മനസ്സിന്‍ താഴ്വരയില്‍’ തുടങ്ങി നിരവധി ഹിറ്റ്ഗാനങ്ങള്‍ രാമന്‍കുട്ടിയുടേതാണ്. ആകാശവാണിക്കായി ലളിതഗാനങ്ങള്‍ രചിച്ചായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. പിന്നീടാണ് നാടകരംഗത്ത് സജീവമാകുന്നത്. കൊല്ലം അസീസി, മലങ്കര തിയേറ്റേഴ്സ്, കേരളാ തിയേറ്റേഴ്സ്, നാഷണല്‍ തിയേറ്റേഴ്സ്, കൊല്ലം ഗായത്രി എന്നീ നാടക ട്രൂപ്പുകള്‍ക്ക് വേണ്ടി നിരവധി ഗാനങ്ങള്‍ രചിച്ചു. 1978-ല്‍ പുറത്തിറങ്ങിയ ‘ആശ്രമം’ എന്ന സിനിമയ്ക്ക് വേണ്ടിയാണ് ആദ്യഗാനം രചിച്ചത്. പിജി വിശ്വംഭരന്റെ ചിത്രമായ ‘ഒരു തിര പിന്നെയും തിര’ എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്. 1936 ജനുവരി19 ന് മാവേലിക്കരയിലെ ചുനക്കര കാര്യാട്ടില്‍ വീട്ടിലാണ് അദ്ദേഹത്തിന്റെ ജനനം. പന്തളം എന്‍എസ്എസ് കോളജില്‍ നിന്നും മലയാളത്തില്‍ ബിരുദം നേടി. ഭാര്യ: പരേതയായ തങ്കമ്മ. മക്കള്‍: രേണുക, രാധിക, രാഗിണി.