Advertisement

Advertisement

മാലിന്യ നിർമാർജനത്തിലും മാലിന്യ സംസ്കരണത്തിലും തദ്ദേശ സ്ഥാപനങ്ങൾ പുതിയ രീതി സ്വീകരിച്ചെന്ന് ധനകാര്യ വകുപ്പു മന്ത്രി ഡോ. ടി എം തോമസ് ഐസക്. കുന്നംകുളം നഗരസഭ കുറുക്കൻപാറ – ഗ്രീൻ പാർക്ക് മാലിന്യ സംസ്കരണ സമുച്ചയത്തിൻ്റെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുകയായിരുന്നു ധനമന്ത്രി.

എൽ ഡി എഫ് സർക്കാർ അധികാരത്തിൽ വന്നതോടെ കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മാലിന്യ നിർമാർജന രംഗത്ത് ഉചിതവും സാങ്കേതികവുമായ പദ്ധതികളാണ് വികസിപ്പിച്ചെടുത്തത്. മാലിന്യ നിർമാർജനത്തിലും സംസ്കരണത്തിലുമെല്ലാം ജനകീയമായ ഇടപെടലുകൾ നടത്തിയാണ് ഇതുണ്ടായത്. മാലിന്യ നിർമാർജനത്തിലൂടെ തൊഴിൽപരമായ നേട്ടങ്ങളുണ്ടാക്കാനും സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മാലിന്യ ശേഖരണവും സംസ്കരണവുമെല്ലാം സംരംഭകത്വ അടിസ്ഥാനത്തിൽ വികസിപ്പിച്ച് ലാഭകരമായ വിപണന സാധ്യതയും തേടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുന്നംകുളം നഗരസഭ കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എ സി മൊയ്തീൻ അധ്യക്ഷത വഹിച്ചു. ഹരിത കേരള മിഷൻ എക്സിക്യൂട്ടീവ് വൈസ് ചെയർപേഴ്സൻ ടി എൻ സീമ , തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശാരദ മുരളീധരൻ എന്നിവർ വീഡിയോ കോൺഫറൻസിലൂടെ പങ്കെടുത്തു.

കുന്നംകുളം നഗരസഭ ചെയർപേഴ്സൻ സീതാ രവീന്ദ്രൻ, നഗരസഭ മാലിന്യ സംസ്കരണ അംബാസിഡർ വി കെ ശ്രീരാമൻ, നഗരസഭ വൈസ് ചെയർമാൻ പി എം സുരേഷ്, സ്ഥിരം സമിതി അധ്യക്ഷന്മാർ, കൗൺസിലർമാർ, ഐ ആർ ടി സി ഡയറക്ടർ ഡോ. എസ് ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു. നഗരസഭ ഹെൽത്ത് സൂപ്പർവൈസർ കെ എസ് ലക്ഷ്മണൻ റിപ്പോർട്ട് അവതരിപ്പിച്ചു.