സെപ്തംബറോടെ കോവിഡ് രോഗികള്‍ ദിവസം 10,000 മുതല്‍ 20,000 വരെയാകാമെന്ന് മന്ത്രി കെ കെ ശൈലജ. സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച കോവിഡ് വിദഗ്ധ സമിതിയുടേതാണ് നിഗമനം. ആരോഗ്യ സംവിധാനങ്ങള്‍ക്ക് താങ്ങാന്‍ കഴിയാത്ത വിധം വൈറസ് വ്യാപനം ഉണ്ടായാല്‍ മരണനിരക്ക് കൂടും. വ്യാപനം പരമാവധി തടയാനുള്ള പ്രവര്‍ത്തനം ആരോഗ്യ വകുപ്പ് ശക്തമാക്കിയിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരാന്‍ കൂടുതല്‍ ആളുകള്‍ കോവിഡ് ബ്രിഗേഡിന്റെ ഭാഗമാകണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. എണ്ണായിരത്തിലധികം ആരോഗ്യ പ്രവര്‍ത്തകരെ ഇതിനകം നിയമിച്ചു. എണ്ണൂറിലധികം പ്രഥമതല ചികിത്സാ കേന്ദ്രങ്ങളും സജ്ജമാണ്. കോവിഡ് ആശുപത്രികളും അടിസ്ഥാന സൗകര്യങ്ങളും വര്‍ധിപ്പിച്ചു. കൂടുതല്‍ സന്നദ്ധ പ്രവര്‍ത്തകരെ സജ്ജമാക്കാനാണ് കോവിഡ് ബ്രിഗേഡ് ആവിഷ്‌കരിച്ചത്. അലോപ്പതി, ആയുര്‍വേദം, ഹോമിയോ, ദന്ത ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, എംഎസ്ഡബ്ല്യു, എംബിഎ, എംഎസ്സി, എംഎച്ച്എ ബിരുദധാരികള്‍, സന്നദ്ധ സേവകര്‍ എന്നിവര്‍ക്കെല്ലാം അവസരമുണ്ട്.