കൊവിഡ് സ്ഥിരീകരിച്ച മലപ്പുറം ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്റെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ കെ ശൈലജ ഉള്‍പ്പെടെ മന്ത്രിമാരും സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. എസി മൊയ്തീന്‍, ഇ ചന്ദ്രശേഖരന്‍, കെ ടി ജലീല്‍ എന്നിവരാണ് നിരീക്ഷണത്തില്‍ പ്രവേശിച്ച മറ്റു മന്ത്രിമാര്‍. ഡിജിപി ലോക്നാഥ് ബെഹ്റയും സ്വയം നിരീക്ഷണത്തിലാണ്. കരിപ്പൂര്‍ വിമാനപകടത്തെ തുടര്‍ന്ന് അവിടെ സന്ദര്‍ശിച്ചപ്പോള്‍ കലക്ടറുമായും മറ്റു ഉദ്യോഗസ്ഥരുമായും മുഖ്യമന്ത്രിയും മന്ത്രിമാരും സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. മലപ്പുറം ജില്ലാ പോലീസ് മേധാവി യു അബ്ദുല്‍ കരീമിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അദ്ദേഹവും കരിപ്പൂരില്‍ സജീവമായിരുന്നു. അതിനിടെ, മന്ത്രി എ സി മൊയതീന് ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവായത് ആശ്വസകരമാണ്. അദ്ദേഹത്തിന്റെ ഗണ്‍മാനും കുടുംബാംഗങ്ങളും പരിശോധനക്ക് വിധേയരായിരുന്നു. അവര്‍ക്കും നെഗറ്റീവാണ് ഫലം.