
ഗുരുവായൂര്‍ നഗരസഭയിലെ ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെ 70ഓളം പേര്‍ നിരീക്ഷണത്തില്‍. പ്രൈമറി കോണ്‍ടാക്റ്റിലുള്ള 14 പേരുടെ സ്രവം പരിശോധനക്കയച്ചു. കൗണ്‍സിലര്‍മാരടക്കമുള്ളവര്‍ വീടുകളിലാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇവര്‍ക്ക് നാളെ ആന്റിജന്‍ പരിശോധന നടത്തും. നഗരസഭയിലെ വിവാഹ രജിസ്‌ട്രേഷന്‍ വിഭാഗത്തിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥനാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് മുന്‍കരുതലിന്റെ ഭാഗമായി ഒരാഴ്ച്ചത്തേക്ക് വിവാഹ രജിസ്‌ട്രേഷന്‍ നിറുത്തി വച്ചു. ഒരാഴ്ച്ചത്തേക്ക് നഗരസഭയുടെ പ്രധാന ഓഫീസിലേക്ക് പൊതുജനങ്ങളുടെ പ്രവേശന വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നഗരസഭയിലെ സേവനങ്ങള്‍ ഓണ്‍ലൈനായി ലഭിക്കാനും പരാതികളും അപേക്ഷകളും നഗരസഭയുടെ ഇമെയിലിലേക്ക് അയക്കാനും സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.