ചിറ്റാട്ടുകരയിലെ കുടുംബശ്രീ വിപണനകേന്ദ്രം തകര്‍ന്നത് വിജിലന്‍സ് അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി

Advertisement

Advertisement

കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നില്‍പ്പ് സമരം നടത്തി.മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയില്‍ എളവള്ളി പഞ്ചായത്തിലെ ചിറ്റാട്ടുകരയില്‍ പണി ആരംഭിച്ച കുടുബശ്രീ വിപണനകേന്ദ്രം നിര്‍മ്മാണത്തിലിരിക്കെ തകര്‍ന്നു വീണ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാത്ത ബ്ലോക്ക് പഞ്ചായത്ത് അഴിമതിക്കാര്‍ക്ക് കൂട്ടുനില്‍ക്കുകയാണെന്നാരോപിച്ചാണ് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി നില്‍പ്പ് സമരം സംഘടിപ്പിച്ചത്.സ്വന്തം പാര്‍ട്ടിയില്‍പ്പെട്ടവര്‍ കാണിക്കുന്ന അഴിമതി മറയ്ക്കാന്‍ തകര്‍ന്നു വീണ കെട്ടിടത്തിന്റെ സമീപത്ത് ഇതേ ആവശ്യത്തിനായി, 13,55,966 രൂപ ചിലവാക്കി പുതിയ കെട്ടിടം ഉണ്ടാക്കുകയും, തകര്‍ന്ന കെട്ടിടം പൊളിച്ചുമാറ്റി കളയുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകുന്നത് ആരെ സംരക്ഷിക്കാനാണെന്ന് വ്യക്തമാക്കണമെന്നും നില്‍പ്പ് സമരം ഉദ്ഘാടനം ചെയ്തുക്കൊണ്ട് കോണ്‍ഗ്രസ് എളവള്ളി മണ്ഡലം പ്രസിഡന്റ് സി.ജെ സ്റ്റാന്‍ലി ചോദിച്ചു.കെട്ടിടം തകര്‍ന്നതുമായി ബന്ധപ്പെട്ട് വകുപ്പുതല അന്വേഷണം പോലും ബ്ലോക്ക് പഞ്ചായത്ത് നടത്തിയിട്ടില്ല. വിജിലന്‍സിനും കളക്ടര്‍ക്കും വീണ്ടും പരാതി നല്‍കാനുള്ള നടപടികളുമായി കോണ്‍ഗ്രസ് മുന്നോട്ട് പോകുമെന്ന് നേതാക്കള്‍ പറഞ്ഞു. മണ്ഡലം വൈസ് പ്രസിഡന്റ് കോയ പോക്കാക്കില്ലത്ത് അധ്യക്ഷത വഹിച്ചു. പി. ആര്‍ പ്രേമന്‍, കെ.പി വിവേകന്‍, സജീവന്‍ കുന്നത്തുള്ളി എന്നിവര്‍ സംസാരിച്ചു.