കര്‍ക്കിടകത്തിന് വിട; ഇന്ന് ചിങ്ങം ഒന്ന്; മലയാളക്കരയ്ക്ക് പുതുവര്‍ഷ പിറവി

Advertisement

Advertisement

ഇന്ന് ചിങ്ങം ഒന്ന്. മലയാളക്കരയ്ക്ക് പുതുവര്‍ഷ പിറവി. കാര്‍മേഘങ്ങളുടേയും ഇല്ലായ്മയുടേയും മാസമായ കര്‍ക്കിടകം അവസാനിച്ചു. കോവിഡ്-19 വ്യാപനം ലോകത്തെയാകെ നിശ്ചലമാക്കിയെങ്കിലും അതിജീവനത്തിന്റെ വെളിച്ചം തേടുകയാണ് ചിങ്ങപ്പുലരിയില്‍ മലയാളികള്‍. പൊന്നോണം കൊണ്ടാടുന്ന പൊന്നിന്‍ ചിങ്ങം എന്നും മലയാളിയുടെ പ്രിയ മാസമാണ്. പൊന്നോണ മാസം എന്നതിന് ഉപരി ഇപ്പോള്‍ ചിങ്ങം മലയാള ഭാഷാ മാസവും കൂടിയാണ്. കേരളക്കരയില്‍ ചിങ്ങം ഒന്ന് കര്‍ഷക ദിനം കൂടിയാണ്.അന്യമായിക്കൊണ്ടിരിയ്ക്കുന്ന കൊയ്താണ് ചിങ്ങമാസത്തിലെ പ്രധാന വിശേഷം. പാടത്ത് വിളഞ്ഞ പൊന്‍കതിര്‍ വീട്ടിലെത്തിച്ച് അറകളും പത്തായങ്ങളും നിറയ്ക്കുന്ന സമ്പന്നതയുടെ മാസം. കര്‍ഷക ദിനാഘോഷത്തിനു നാടെങ്ങും ഒരുക്കമാരംഭിച്ചു. പ്രസന്നമായ കാലാവസ്ഥയാണ് ഈ മാസത്തിലെ ഒരു പ്രത്യേകത. നാട്ടിന്‍പുറങ്ങളില്‍ പഴമയുടെ ഓണക്കാഴ്ചകളില്‍ ചിലതെങ്കിലും മായാതെ അവശേഷിക്കുന്നുണ്ടെങ്കിലും ഓണദിവസങ്ങളിലെ വ്യാപകമായ പങ്കാളിത്തം നാട്ടിന്‍പുറത്തിന് അന്യമായി തുടങ്ങുന്നുണ്ട്. എങ്കിലും ഓണനാളുകള്‍ ഉണ്ടാക്കുന്ന ഒരു പ്രത്യേക ആനന്ദമുണ്ട്. അന്നും ഇന്നും മലയാളികളുടെ മനസില്‍ മായാതെ നില്‍ക്കുന്നത് ആ ആനന്ദം മാത്രമാണ്.