Advertisement

Advertisement

കോവിഡ് ഭീതിയിലും നിയന്ത്രണങ്ങള്‍ പാലിച്ച് ചിങ്ങപുലരിയില്‍ ഗുരുവായൂരപ്പനെ ദര്‍ശിക്കാന്‍ ഭക്തരുടെ തിരക്ക്. പുലര്‍ച്ചെ നിര്‍മാല്യ ദര്‍ശനത്തിനായി നട തുറന്നതുമുതല്‍ ഭക്തരുടെ നീണ്ട നിരയായിരുന്നു. മലയാള വര്‍ഷാരംഭത്തില്‍ കണ്ണനെ കണ്ട് തൊഴുതാല്‍ വര്‍ഷം മുഴുവന്‍ ഐശ്വര്യം നില നില്‍ക്കുമെന്നാണ് വിശ്വാസം. അതുകൊണ്ട് മാസങ്ങളായി വീടിനകത്ത് കഴിഞ്ഞിരുന്ന പല കുടുംബങ്ങളും തിരുസന്നിധിയിലെത്തി. കിഴക്കേനടപ്പുരയില്‍ രണ്ട് വരികളായി ക്രമീകരിച്ചാണ് തിരക്ക് നിയന്ത്രിച്ചത്. സാമൂഹിക അകലം പാലിക്കുന്നതിനായി നടപ്പുരയില്‍ വൃത്തം വരച്ചതിലൂടെയാണ് ഭക്തര്‍ നടന്ന് നീങ്ങുന്നത്. തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് ശരീരോഷ്മാവ് പരിശോധിക്കാനും കൈകഴുകാനും സാനിറ്റൈസര്‍ ഉപയോഗിക്കാനും ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം ക്ഷേത്രത്തിനകത്തേക്ക് പ്രവേശനമില്ലെങ്കിലും ഭക്തര്‍ കിഴക്കഗോപുരനടയില്‍ തൊഴുത് കാണിക്കയിട്ട് മടങ്ങുകയാണ് ചെയ്യുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോ എന്നുറപ്പാക്കാന്‍ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെയും പോലിസിന്റേയും പ്രത്യേക സാന്നിധ്യമുണ്ട്. 20 വിവാഹങ്ങള്‍ ക്ഷേത്രസന്നിധിയില്‍ നടന്നു. ക്ഷേത്രസന്നിധിയില്‍ ഏറ്റവും കൂടുതല്‍ വിവാഹം നടക്കാറുള്ളത് ചിങ്ങത്തിലാണ്. വരും ദിവസങ്ങളില്‍ മുഹൂര്‍ത്തങ്ങള്‍ കൂടുതലുള്ളതിനാല്‍ നിയന്ത്രണങ്ങളോടെ വിവാഹം കൂടുതല്‍ അനുവദിക്കുന്ന കാര്യം ഭരണ സമിതിയുടെ പരിഗണനയിലുണ്ട്. ഇപ്പോള്‍ വിവാഹത്തിന് ഫോട്ടോഗ്രാഫറും വീഡിയോ ഗ്രാഫറുമുള്‍പ്പെടെ 12 പേര്‍ക്ക് മാത്രമേ പ്രവേശിക്കാനാകൂ. ലോഡ്ജുകളില്‍ വിവാഹ സല്‍ക്കാരത്തിന് 50 പേര്‍ക്ക് വരെ പങ്കെടുക്കാം. 18 ന് ശേഷം പല ലോഡ്ജുകളിലും ബുക്കിങ്ങുകള്‍ ലഭ്യമായിട്ടുണ്ട്. ഇതു വരെ നിശ്ചലമായിരുന്ന ക്ഷേത്രനഗരിക്ക് ഇന്നു മുതല്‍ ചെറിയ ചലനം പ്രതീക്ഷിക്കാമെന്നാണ് വ്യാപാരികള്‍ പറയുന്നത്.