സംസ്ഥാനത്ത് കോവിഡ് മരണം ഉയരുന്നു; ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 5 മരണങ്ങള്‍

Advertisement

Advertisement

സംസ്ഥാനത്ത് ഇന്ന് അഞ്ച് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. എറണാകുളത്ത് രണ്ട് പേരും കോഴിക്കോട് രണ്ട് പേരും തിരുവല്ലയില്‍ ഒരാളുമാണ് മരിച്ചത്. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കൊവിഡ് ചികിത്സയിലായിരുന്ന ആലുവ തായ്ക്കാട്ടുകാര സദാനന്ദന്‍(57), മൂത്തകുന്നം കോട്ടുവള്ളിക്കാട് തറയില്‍ വൃന്ദ ജീവന്‍ (54) എന്നിവരാണ് എറണാകുളത്ത് മരിച്ചത്. സദാനന്ദന് ഹൃദ്രോഗവും രക്തസമ്മര്‍ദ്ദവും പ്രമേഹവും ഉണ്ടായിരുന്നു. വൃന്ദ അര്‍ബുദബാധിതയായിരുന്നു. മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം ആലപ്പുഴ എന്‍ ഐ വി ലാബിലേക്കയച്ചു.വടകര റൂറല്‍ എസ്പി ഓഫീസ് ജീവനക്കാരനായ ബാലുശ്ശേരി സ്വദേശി ഷാഹിന്‍ ബാബുവും മാവൂര്‍ സ്വദേശിയായ സുലുവുമാണ് കൊവിഡ് ബാധിച്ച് കോഴിക്കോട് മരിച്ചത്. നാല് ദിവസം മുമ്പാണ് ഷാഹിന്‍ ബാബുവിന് കൊവിഡ് സ്ഥിരീകരിച്ചത്. സുലു അര്‍ബുദ രോഗിയായിരുന്നു.പത്തനംതിട്ടയില്‍ തിരുവല്ല സ്വദേശി ഏനത്ത് രാഘവന്‍ നായരും (80) മരിച്ചു.അതേസമയം ക്ലസ്റ്ററുകള്‍ക്ക് പുറത്ത് കൊവിഡ് പടര്‍ന്നിട്ടില്ലെന്ന് ആരോഗ്യ വകുപ്പ്. പോലിസുകാര്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങി രോഗ സാധ്യത ഉള്ളവരില്‍ നടത്തിയ കഴിഞ്ഞ രണ്ടുമാസത്തെ സെന്റി നല്‍ സര്‍വയലന്‍സ് റിപ്പോര്‍ട്ടിലാണ് ആശാവഹമായ വിവരം. ക്ലസ്റ്ററുകള്‍ക്ക് പുറത്തേക്ക് വളരെ ചെറിയ അളവില്‍ മാത്രമേ രോഗവ്യാപനം ഉള്ളൂ എന്നാണ് ആരോഗ്യവകുപ്പിന്റെ പരിശോധനാ റിപ്പോര്‍ട്ട്. എന്നാല്‍ ഇതര സംസ്ഥാനത്തു നിന്നെത്തുന്ന ട്രക്ക് ഡ്രൈവര്‍മാരുമായി ബന്ധപ്പെടുന്നവരിലും ആരോഗ്യപ്രവര്‍ത്തകരിലും രോഗബാധ ഉയരുന്ന സൂചന ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.