Advertisement

Advertisement

ചിങ്ങപുലരിയില്‍ ആരാധകര്‍ക്ക് സമ്മാനവുമായി ജയസൂര്യ. തന്റെ പുതിയ സിനിമയുടെ പ്രഖ്യാപനമാണ് ജയസൂര്യ ചിങ്ങം ഒന്നിന് നടത്തിയിരിക്കുന്നത്. ജോണ്‍ ലൂതര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത് അഭിജിത്ത് ജോസഫ് ആണ്. സോഷ്യല്‍ മീഡിയയിലൂടെയാണ് ചിത്രത്തിന്റെ പ്രഖ്യാപനം ജയസൂര്യ നടത്തിയത്. തന്‍വി റാം, അതിഥി രവി, ദീപക് പറമ്പോല്‍ എന്നിവരും പ്രധാന വേഷങ്ങിലെത്തുന്നു. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററും പുറത്തു വിട്ടിട്ടുണ്ട്. അലോണ്‍സ ഫിലിംസിന്റെ ബാനറില്‍ തോമസ് പി മാത്യുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. പുതിയ നിയമം, ലവ് ആക്ഷന്‍ ഡ്രാമ തുടങ്ങിയ സിനിമകളുടെ ക്യാമറ ചലപ്പിച്ച റോബി വര്‍ഗ്ഗീസ് രാജ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. പ്രവീണ്‍ പ്രഭാകര്‍ ആണ് ചിത്രസംയോജനം. ഷാന്‍ റഹ്മാന്റേതാണ് സംഗീതം.ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയായി വരികയാണ്. അത് കഴിഞ്ഞാല്‍ ഉടനെ തന്നെ ചിത്രീകരണം ആരംഭിക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്. അന്വേഷണമാണ് അവസാനമായി തീയേറ്ററില്‍ പുറത്തിറങ്ങിയ ജയസൂര്യ ചിത്രം. മലയാളത്തിലെ ആദ്യ ഒട്ടിടി റിലീസ് ചിത്രമായ സൂഫിയും സുജാതയിലും ജയസൂര്യ പ്രധാനപ്പെട്ടൊരു വേഷത്തിലെത്തിയിരുന്നു. നിരവധി സിനിമകളാണ് ജയസൂര്യയുടേതായി പുറത്തിറങ്ങാനുള്ളത്. വെള്ളം, അപ്പോസ്തലന്‍, ആട് 3, കത്തനാര്‍, രാമ സേതു തുടങ്ങിയ സിനിമകളാണ് പുറത്തിറങ്ങാനുള്ളത്. ക്യാപ്റ്റന് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒരുമിക്കുന്ന വെള്ളം ആയിരിക്കും ആദ്യം പ്രേക്ഷകരിലേക്ക് എത്തുക.