ഗുരുവായൂര്‍ നഗരസഭയില്‍ കോവിഡ് ഭീതിക്ക് പുറമേ മാലിന്യപ്രശ്‌നവും രൂക്ഷമാകുന്നു.

Advertisement

Advertisement

സംസ്‌കരണം താളം തെറ്റിയതോടെ നഗരത്തില്‍ മാലിന്യം കുന്നുകൂടുന്നു. നഗരത്തിന്റെ മുക്കിലും മൂലയിലും മാലിന്യ കൂമ്പാരമാണ്. നേരത്തെ ജൈവ-അജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ച് ജൈവ മാലിന്യങ്ങള്‍ നഗരസഭയുടെ എയറോബിക്ക് കമ്പോസ്റ്റ് യൂണിറ്റിലെത്തിച്ച് സംസ്‌കരിക്കാറായിരുന്നു പതിവ്. ഇത്തരം കേന്ദ്രങ്ങളില്‍ മുഴുവന്‍ സമയവും തൊഴിലാളികളുണ്ടായിരുന്നു. ഇപ്പോള്‍ ഇതെല്ലാം വെറും നോക്കു കുത്തികളാണ്. ആരും തിരിഞ്ഞ് നോക്കാതായതോടെ മാഞ്ചിററോഡിലും ഗാന്ധിനഗറിലുമുള്ള സംസ്‌കരണ കേന്ദ്രങ്ങളില്‍ ചാക്കില്‍കെട്ടിയ മാലിന്യം കുന്നുകൂടി കിടക്കുകയാണ്. ഇവിടങ്ങളില്‍ മാലിന്യസംസ്‌കരണം നടക്കാതായതോടെ തെരുവോരങ്ങള്‍ മാലിന്യ നിക്ഷേപ കേന്ദ്രമായി മാറി. മഴ കനത്തതോടെ മാലിന്യം ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധം വമിക്കുകയാണ്. കൊതുക് ശല്യവും തെരുവ് നായ ശല്യവും രൂക്ഷമാണ്. ഗാന്ധിനഗറിലെ സംസ്‌കരണ കേന്ദ്രത്തിന് സമീപം ഓട്ടോറിക്ഷ സ്റ്റാന്‍ന്റും മത്സ്യ, ഇറച്ചി കടകളും മറ്റ് സ്ഥാപനങ്ങളും ഉണ്ട്. മാര്‍ക്കറ്റിലെത്തണമെങ്കില്‍ മൂക്കു പൊത്തിയേ പറ്റു. മാര്‍ക്കറ്റിലേക്കുളള നിരത്തിന്റെ സ്ഥിതിയും വളരെ മോശമാണ്. കല്ലും കട്ടയും ചെളിയും നിറഞ്ഞ് ഇതു വഴി നടക്കാന്‍ പറ്റാത്ത അവസ്ഥയാണ്. റോഡിന്റെ നവീകരണപ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടു.