Advertisement

Advertisement

കുട്ടികള്‍ക്കെതിരായ ലൈംഗിക അക്രമങ്ങള്‍ക്കെതിരെയുള്ള സന്ദേശവുമായി ഹൃസ്വചിത്രം സംവിധാനം ചെയ്ത ആറാം ക്ലാസുകാരിക്ക് ബംബര്‍ ഓഫറുമായി നടനും നിര്‍മ്മാതാവുമായ മണിയന്‍പിള്ള രാജു.തിരുവനന്തപുരം ശ്രീനാരായണ പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി മെഹ്‌റിന്‍ ഷെബീര്‍ എഴുത്തും സംവിധാനവും നിര്‍വഹിച്ച ‘പാഠം ഒന്ന് പ്രതിരോധം’ എന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയത്.കുട്ടികള്‍ക്കെതിരെ നടക്കുന്ന ലൈംഗികാതിക്രമങ്ങളെപ്പറ്റിയുള്ള വാര്‍ത്തകള്‍ ദിവസേന മാധ്യമങ്ങളില്‍ കാണുന്നുണ്ടെന്നും അതാണ് ഹ്രസ്വചിത്രത്തിലേക്ക് വഴി തെളിയിച്ചതെന്നും മെഹ്‌റിന്‍ പറയുന്നു. ഇത്തരം കേസുകളില്‍ ശിക്ഷിക്കപ്പെടുന്നത് വളരെ അപൂര്‍വം പ്രതികള്‍ മാത്രം. ജയിലിലാവട്ടെ നല്ല ഭക്ഷണവും സുഖജീവിതവും. സ്വയം തയ്യാറെടുക്കുകയും ആക്രമണങ്ങളെ സ്വയം പ്രതിരോധിക്കുകയും ചെയ്യാന്‍ ചെറുപ്രായത്തില്‍ തന്നെ പെണ്‍കുട്ടികള്‍ പ്രാപ്തരാവണം എന്നതാണ് താന്‍ പങ്കു വെയ്ക്കുന്ന ആശയം എന്നും മെഹ്‌റിന്‍ വിവരിക്കുന്നു.മെഹ്‌റിന്‍ സംവിധാനം ചെയ്ത പാഠം ഒന്ന് പ്രതിരോധം എന്ന ഷോര്‍ട്ട് ഫിലിം കണ്ട് ഇഷ്ടപ്പെട്ട മണിയന്‍പിള്ള രാജു മെഹ്‌റിനുമായി ഫോണില്‍ സംസാരിച്ച് അഭിനന്ദനം അറിയിച്ചു. മൊബൈല്‍ ഫോണില്‍ ഷൂട്ടിംഗും എഡിറ്റിംഗും നിര്‍വഹിച്ചതിനു പകരം ക്യാമറയില്‍ ഷൂട്ട് ചെയ്യുകയും സാങ്കേതിക മികവോടെ എഡിറ്റ് ചെയാനും പറ്റുന്ന രീതിയില്‍ അടുത്ത ഷോര്‍ട്ട് ഫിലിം താന്‍ നിര്‍മ്മിക്കാമെന്ന് വാക്ക് നല്‍കുകയും ചെയ്തു. മലയാള സിനിമയിലെ വന്‍ ഹിറ്റു സിനിമകളുടെ നിര്‍മ്മാതാവില്‍ നിന്ന് ഇങ്ങനെ ഒരു വാഗ്ദാനം കിട്ടിയതില്‍ സന്തോഷമുണ്ടെന്ന് കൊച്ചു സംവിധായിക മെഹ്‌റിന്‍ ഷെബീര്‍ പറഞ്ഞു. സാമൂഹ്യ പ്രസക്തിയുള്ള ഒരു വിഷയവുമായി അദ്ദേഹത്തിന്റെ അടുത്ത് പോകാനുള്ള ഒരുക്കത്തിലാണ് മെഹ്‌റിന്‍. 5 മിനിട്ട് ദൈര്‍ഘ്യമുള്ള ഈ ഹ്രസ്വചിത്രം മെഹ്‌റിന്റെ യൂട്യൂബ് ചാനലിലൂടെയാണ് പുറത്തിറക്കിയിരിക്കുന്നത്. മെഹ്‌റിന്‍ തന്നെയാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ക്യാമറയും എഡിറ്റിംഗും മെഹ്‌റിന്റെ സഹോദരന്‍ അഫ്‌നാന്‍ റെഫി നിര്‍വഹിച്ചിരിക്കുന്നു. സുരേഷ് പുന്നശ്ശേരില്‍, തന്‍വീര്‍ അബൂബക്കര്‍ എന്നിവര്‍ ചേര്‍ന്നാണ് ഹ്രസ്വചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. തുള്ളി എന്ന കൊച്ചു ചിത്രം ഒരുക്കി സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയ മെഹ്‌റിന്‍ ചാവക്കാട് ബൈപ്പാസില്‍ താമസിക്കുന്ന സംവിധായകനും കഥാകൃത്തുമായ ഷെബി ചാവക്കാടിന്റെ മകളാണ്. മൂക്കുത്തല ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അദ്ധ്യാപികയായ മെഹ്‌സാനയാണ് മാതാവ്.