തകര്‍ന്ന് തരിപ്പണമായ റോഡ് യാത്രക്കാരുടെ നടുവൊടിക്കുന്നു. ഗുരുവായൂരില്‍ നിന്ന് ചാവക്കാട്, പാവറട്ടി എന്നിവിടങ്ങളിലേക്കുള്ള എളുപ്പമാര്‍ഗമായ പഞ്ചാരമുക്ക് റോഡില്‍ ചെറുതും വലുതുമായ നൂറോളം കുഴികളാണുള്ളത്. കഴിഞ്ഞ വര്‍ഷം റോഡ് പൊട്ടിപൊളിഞ്ഞ് ഗതാഗതം ദുഷ്‌കരമായതിനെ തുടര്‍ന്ന് നാട്ടുകാര്‍ പ്രക്ഷോഭത്തിലായിരുന്നു. ഇതേ തുടര്‍ന്ന് അറ്റകുറ്റപണി നടത്തിയ റോഡാണ് മഴ കനത്തതോടെ വീണ്ടും പൊട്ടിപൊളിഞ്ഞത്. പെരുന്തട്ട ശിവക്ഷേത്രത്തിന് സമീപം വമ്പന്‍ ഗര്‍ത്തങ്ങളാണ് രൂപപ്പെട്ടിട്ടുള്ളത്. ഈ മേഖലയില്‍ അപകടങ്ങള്‍ പതിവായിരിക്കുകയാണ്. വലിയ വാഹനങ്ങള്‍ കുഴികളില്‍ ചാടി കേടുപാടുകള്‍ സംഭവിക്കുന്നതും സ്ഥിരം കാഴ്ചയാണ്. തിരക്കേറിയ റോഡ് പൊട്ടിപൊളിഞ്ഞതിനാല്‍ ഗതാഗതകുരുക്കും രൂക്ഷമാണ്. കുഴികളില്‍ വീഴാതിരിക്കാന്‍ വാഹനങ്ങള്‍ റോഡില്‍ നിന്ന് ഇറക്കിയെടുക്കുന്നത് വീതി കുറഞ്ഞ ഈ മേഖലയിലൂടെയുള്ള കാല്‍നടയാത്രികരേയും അപകടത്തില്‍പ്പെടാന്‍ ഇടയാക്കുന്നു. അശാസ്ത്രീയമായ പണിയാണ് വര്‍ഷം തികയുമ്പോഴേക്കും റോഡ് പൊട്ടിപൊളിയാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. റോഡിലെ കുഴികള്‍ നികത്താന്‍ എത്രയും പെട്ടെന്ന് നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.