സഖാക്കളേ മുന്നോട്ടെന്ന് നിറം ചാര്‍ത്തി തന്റെ ജീവിതം പോലെ പാതി എഴുതിയ കുറിപ്പിലെ അവസാന വരിയും എഴുതി മരണത്തിന് കീഴടങ്ങിയ പി.കൃഷ്ണ പിള്ളയുടെ 114-മത് ജന്മദിനവും 72-ാമത് ഓര്‍മദിനവുമാണ് ആഗസ്റ്റ് 19.കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാവ് എന്ന വിശേഷണത്തില്‍ ഒതുക്കാനാവത്ത രാഷ്ട്രീയ വ്യക്തിത്വമായിരുന്നു പി.കൃഷ്ണപിള്ള. 1906 ല്‍ തിരുവതാംകൂറിന്റെ ഭാഗമായിരുന്ന വൈക്കത്ത് മയിലേഴത്ത് മണ്ണപ്പിള്ളി നാരായണന്‍ നായരുടെയും പാര്‍വതി അമ്മയുടെയും മകനായി ഇടത്തരം മദ്ധ്യവര്‍ഗ കുടുംബത്തിലാണ് സഖാവ് കൃഷ്ണ പിള്ളയുടെ ജനനം. 14-ാം വയസ്സില്‍ മാതാപിതാക്കള്‍ നഷ്ട്ടപെട്ട് അമ്മാവന്റെയും ചേച്ചിമാരുടെയും സംരക്ഷണത്തിലാണ് വളര്‍ന്നത്. ആലപ്പുഴയിലെ കയര്‍ ഫാക്ടറിയില്‍ ജോലിയില്‍ ഇരിക്കവേ 1927ല്‍ അലഹബാദില്‍ പോയത് ജീവിതവഴിത്തിരിവായി മാറി. അവിടെ വെച്ച് ഹിന്ദി ഭാഷ അഭ്യാസിക്കുകയും സാഹിത്യ വിശാരദ് ബിരുദം നേടുകയും ചെയ്തു. 1929ല്‍ കേരളത്തില്‍ തിരിച്ചെത്തിയ കൃഷ്ണന്‍ പിള്ള തൃപ്പൂണിത്തുറയില്‍ ദക്ഷിണ ഭാരത് ഹിന്ദി പ്രചാര സഭയുടെ പ്രചാരകനായി ജോലിയില്‍ പ്രവേശിച്ചു. 1930ല്‍ കേളപ്പന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഉപ്പ് സത്യാഗ്രഹ ജാഥയിലെ 32 വളണ്ടിയമാരില്‍ ഒരാളായി അധിനിവേശത്തിനെതിരെ പോരാട്ടം കുറിച്ചു. സത്യാഗ്രഹത്തില്‍ പങ്കെടുത്തതിന് കണ്ണൂര്‍ ജയിലില്‍ അടക്കപ്പെട്ട ആദ്ദേഹത്തിനു ഇ എം എസ്സിനോടപ്പം കമല്‍ നാഥ് തീവാരി തുടങ്ങി വിപ്ലവ നേതാക്കളെ പരിചയപ്പെടാന്‍ അവസരമുണ്ടാവുകയും ഇടതു പക്ഷ കേന്ദ്രീകരണത്തിനും കേരളത്തിന്റെ കോണ്‍ഗ്രസ്സ് സോഷ്യലിസ്റ്റ് വിത്ത് പാകാനും കാരണമായി. തുടര്‍ന്ന് ഇ.എം.എസിനും, എ.കെ.ജി ക്കുമൊപ്പം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് രൂപം നല്‍കുകയും പാര്‍ട്ടി വളരുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിക്കുകയും ചെയ്തു.1931 ലെ ഗുരുവായൂര്‍ സത്യാഗ്രഹത്തിലും പങ്കുകൊണ്ടു അവര്‍ണ്ണര്‍ക്ക് വേണ്ടി പോരാടി അമ്പലമണി മുഴക്കി. ലോകമെങ്ങും വീശിയടിച്ച കമ്മ്യൂണിസ്റ്റ് കാഴ്ചപ്പാടുകളില്‍ ആകൃഷ്ടനായി പി.കൃഷ്ണപിള്ള കോഴിക്കോട് തൊഴിലാളി പ്രസ്ഥാനത്തിന്റെ നേതൃത്വം ഏറ്റെടുത്തു. 1940ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിച്ചതിനെ തുടര്‍ന്ന് ഒളിവില്‍ പോയ കൃഷ്ണന്‍ പിള്ള ജന്മനാടായ വൈക്കത്ത് വെച്ച് പോലീസ് പിടിച്ചു കന്യാകുമാരി സുചീന്ദ്രത്തെ ഇടലകുഴി സബ് ജയിലില്‍ തടവിലാക്കി. ഇവിടെ വെച്ചാണ് ജീവിത പങ്കാളിയായ തങ്കമ്മയെ പരിചയപ്പെടുന്നത്.പുന്നപ്ര വയലാര്‍ സമരത്തിന് നേതൃത്വം നല്‍കി കൃഷ്ണപിള്ള സമരനായകനായി.1948 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ നിയമവിരുദ്ധമായി പ്രഖ്യാപിക്കുകയും നേതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തപ്പോള്‍ പി.കൃഷ്ണപിള്ള ഒളിവില്‍ പോയി. ആലപ്പുഴ മുഹമ്മയില്‍ കണ്ണര്‍കാട്ടെ 106-ാം നമ്പര്‍ ചെല്ലിക്കണ്ടത്തില്‍ വീട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന സമിതിയില്‍ വായിക്കുവാനായി ഒരു കുറിപ്പ് തയ്യാറാക്കുന്നതിനിടെ കയ്യില്‍ പാമ്പുകടിയേറ്റാണ് കൃഷ്ണ പിള്ള മരിച്ചത്. ‘എന്റെ കണ്ണില്‍ ഇരുള്‍ വ്യാപിച്ചു വരുന്നു, എന്റെ ശരീരം തളരുകയാണ്, എന്ത് സംഭവിക്കുമെന്ന് എനിക്കറിയാം, സഖാക്കളെ മുന്നോട്ട് ‘ എന്നെഴുതിയാണ് പാതി മുറിഞ്ഞ ആ കുറിപ്പ് അവസാനിപ്പിച്ചത്.