Advertisement

Advertisement

കൊവിഡ് സാഹചര്യത്തില്‍ നിര്‍ത്തിവെച്ചിരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനൊരുങ്ങുകയാണ് വനംവകുപ്പ്.ആദ്യഘട്ട നിര്‍മാണ പ്രവൃത്തികള്‍ മാര്‍ച്ചിലാണ് ആരംഭിച്ചത്. എന്നാല്‍ കോവിഡ് നിയന്ത്രണങ്ങള്‍ വന്നതോടെ പ്രവൃത്തികളെല്ലാം നിര്‍ത്തിവെച്ച് ടൂറിസ്റ്റ് കേന്ദ്രം അടച്ചു. കൊവിഡ് ഭീതി ഒഴിയുന്നമുറയ്ക്ക് വികസന പ്രവര്‍ത്തനങ്ങള്‍ ഘട്ടം ഘട്ടമായി നടപ്പിലാക്കാനുള്ള ശ്രമം തുടങ്ങിയിരിക്കുകയാണ് .സന്ദര്‍ശകര്‍ക്കുള്ള ശുചിമുറികളും വഴിയിലെ അപകടസ്ഥലങ്ങളില്‍ ടൈല്‍ വിരിക്കലും മുന്‍പ് നടത്തിയിട്ടുണ്ട്. ടിക്കറ്റ് കൗണ്ടര്‍, സൂചനാ ബോര്‍ഡുകള്‍, ഇരിക്കാനുള്ള ബെഞ്ചുകള്‍, വിശാലമായ കാഴ്ച കിട്ടുന്ന സ്ഥലങ്ങള്‍, സൈക്കിള്‍ പാത, ട്രക്കിങ് എന്നിവയാണ് ഇനി പൂര്‍ത്തിയാക്കാനുള്ളത്.ഇതിനോടൊപ്പം ചെറുചക്കിച്ചോലയിലേക്കുള്ള ചിറ്റണ്ട-മങ്ങാട് പാത വികസനത്തിന് രണ്ടു കോടി രൂപ അനുവദിച്ചിട്ടുണ്ട്.മന്ത്രി എ.സി. മൊയ്തീന്‍ ടൂറിസം വകുപ്പിന്റെ ചുമതല വഹിക്കുമ്പോഴാണ് ഇക്കോ ടൂറിസം പദ്ധതി തയ്യാറാക്കിയത്. ടൂറിസം-വനം വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ 2018 ഏപ്രിലില്‍ സ്ഥലം സന്ദര്‍ശിച്ചശേഷമാണ് അന്തിമ അനുമതി ലഭിച്ചത്.പദ്ധതിയുടെ നിര്‍മാണോദ്ഘാടനം 2019 ഫെബ്രുവരിയിലാണ് നടന്നത്. കനത്ത മഴയില്‍ ചെറുചക്കിച്ചോല നിറഞ്ഞതോടെ ചെക്ക് ഡാം നിറഞ്ഞൊഴുകി വെള്ളച്ചാട്ടവും സജീവമായിട്ടുണ്ട്.കൊവിഡ് നിയന്ത്രണം മറികടന്ന് ചെറുചക്കിയുടെ സൗന്ദര്യമാസ്വദിക്കാന്‍ സമീപവാസികളും സഞ്ചാരികളും എത്തിയിരുന്നു. വനംവകുപ്പ് അധികൃതര്‍ ഇടപെട്ട് സഞ്ചാരികളെ പറഞ്ഞുവിടുകയും കാട്ടിലേക്കുള്ള വഴി സൂചനാ ബോര്‍ഡ് വെച്ച് അടയ്ക്കുകയും ചെയ്തിട്ടുണ്ട്.