പിങ്ക് കാര്‍ഡുടമകള്‍ക്കാണ് വ്യാഴാഴ്ച്ച മുതല്‍ സൗജന്യ കിറ്റ് വിതരണം ആരംഭിച്ചിട്ടുള്ളത്.11 ഇനം പലവ്യജ്ഞനങ്ങള്‍ ഉള്‍പ്പെട്ട ഓണക്കിറ്റാണ് സംസ്ഥാനത്തെ 88 ലക്ഷത്തോളം വരുന്ന റേഷന്‍ കാര്‍ഡുടമകള്‍ക്ക് സര്‍ക്കാര്‍ സൗജന്യമായി വിതരണം ചെയ്യുന്നത്. ഒരു കിലോ പഞ്ചസാര, ഒരു കിലോ നുറുക്ക് ഗോതാമ്പ്, അരലിറ്റര്‍ വെളിച്ചെണ്ണ, അരകിലോ ചെറുപയര്‍, അര കിലോ ശര്‍ക്കര, 200 ഗ്രാം സേമിയ, സാമ്പാര്‍പ്പൊടി, മുളക്‌പൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി നൂറ് ഗ്രാം വീതം, പപ്പടം 60 ഗ്രാം എന്നിങ്ങനെ പതിനൊന്ന് ഇനങ്ങളാണ് സൗജന്യ വിതരണത്തിനായുള്ള കിറ്റിലുള്ളത്. പായ്ക്കിങ് കേന്ദ്രങ്ങളില്‍ ഗുണനിലവാരവും തൂക്കവും പരിശോധിച്ച് ഉറപ്പാക്കി സന്നദ്ധ പ്രവര്‍ത്തകര്‍ അടക്കമുള്ളവരുടെ സഹായത്തോടേയാണ് കിറ്റുകള്‍ തയ്യാറാക്കി വിതരണത്തിനെത്തിക്കുന്നത്. 31 ലക്ഷത്തോളം വരുന്ന മുന്‍ഗണനാ കാര്‍ഡുള്ളവര്‍ക്കാണ് സൗജന്യ കിറ്റുകള്‍ വിതരണം ചെയ്യുന്നത്. 20, 21, 22, 24 തീയതികളിലായി പിങ്ക് കാര്‍ഡ് ഉടമകള്‍ക്ക് കിറ്റുകള്‍ വിതരണം ചെയ്യും. അവസാനം പുജ്യം വരുന്ന നമ്പറുള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കാണ് വ്യാഴാഴ്ച്ച കിറ്റുകള്‍ വിതരണം ചെയ്തത്. 21-ാം തിയ്യതി 1,2 എന്നീ അക്കങ്ങള്‍ അവസാനം വരുന്ന കാര്‍ഡ് ഉടമകള്‍ക്കും 22 ന് അവസാനം 3,4,5 എന്നി അക്കങ്ങള്‍ വരുന്ന കാര്‍ഡുടമകള്‍ക്കും 23 ന് അവസാനം 6,7,8,9 എന്നി അക്കങ്ങള്‍ വരുന്ന കാര്‍ഡുടമകള്‍ക്കുമാണ് സൗജന്യ കിറ്റുകള്‍ വിതരണം ചെയ്യുക. ബാക്കി വരുന്ന 51 ലക്ഷത്തോളം നീല, വെള്ള കാര്‍ഡുടമകള്‍ക്കും ഓണത്തിന് മുന്‍പായി കിറ്റ് വിതരണം നടത്തും.