Advertisement

Advertisement

പാലപ്പെട്ടി താജിനവുത്ത് ഇനി മോന്തിക്ക് മാത്രമല്ല പട്ടാപ്പകലും സിനിമ പ്രദര്‍ശനം ഉണ്ടാവില്ല. കോവിഡ് പ്രതിസന്ധിയില്‍ നഷ്ടങ്ങളുടെ പട്ടികയില്‍ ഓര്‍മയാവുകയാണ് പാലപ്പെട്ടി താജ്.മിമിക്രി താരങ്ങളുടെ ഹാസ്യ വരികളില്‍ പ്രത്യക സ്ഥാനമാണ് പാലപ്പെട്ടി താജിനുള്ളത്. ബാലന്‍ കെ നായരുടെ ‘മഴു’ എന്ന സിനിമ പ്രദര്‍ശനത്തിന് എത്തിയപ്പോള്‍ പാലപ്പെട്ടി താജിനവുത്ത് ബാലന്‍ കെ നായരുടെ ‘മഗ്ഗ്’ എന്ന പ്രാദേശിക ഭാഷ ഉപയോഗിച്ച് വിളംബരം നടത്തിയത് ഇന്നും ഹാസ്യ താരങ്ങള്‍ അനുകരിച്ചു മിമിക്രി വേദികളില്‍ കൈയടി വാങ്ങാറുണ്ട്. 1979 മുതല്‍ കാണികളെ ചിരിപ്പിച്ചും കരയിപ്പിച്ചും തലയെടുപ്പോടെ നിന്നിരുന്ന താജ് പല പ്രതിസന്ധികളെയും അതിജീവിച്ചു മുന്നോട്ടു പോയിരുന്നു. ഗുരുവായൂര്‍ കേശവന്‍ എന്ന ആന ചരിത സിനിമ സൗജന്യമായി കാണികള്‍ക്ക് പ്രദര്‍ശിപ്പിച്ച് കൊണ്ടാണ് ഇതിന്റെ പ്രയാണമാരംഭിച്ചത്. പ്രേം നസീര്‍ ജയന്‍ കൂട്ടുകെട്ടില്‍ അരങ്ങുതകര്‍ത്ത ‘ഇരുമ്പഴികളാണ് ‘ ആദ്യ ടിക്കറ്റ് വില്‍പനയിലൂടെ പ്രദര്‍ശനം നടത്തിയത്. പെരുമ്പടപ്പ് പഞ്ചായത്ത് മുന്‍ പ്രസിഡന്റായിരുന്ന താണ്ടാങ്കോലി കുഞ്ഞുമോനും സുഹൃത്ത് ബാപ്പുവും ചേര്‍ന്നാണ് തിയറ്റര്‍ ആരംഭിച്ചത്. പിന്നീട് കുഞ്ഞിമോന്റെ മകന്‍ അബ്ദുള്‍ഖാദര്‍ ഇത് നവീകരിച്ചു. പരിസര പ്രദേശമായ വൈലത്തൂരും, പുന്നയൂര്‍കുളത്തും, എരമംഗലത്തും, മാറഞ്ചേരിയിലും സിനിമ കോട്ടകള്‍ ഉണ്ടായിരുന്നു. ഇവയെല്ലാം ഓര്‍മകളിലേക്ക് പോയപ്പോഴും പാലപ്പെട്ടി താജ് തല ഉയര്‍ത്തി നിന്നിരുന്നു. ലോക കപ്പ് ഫുട്‌ബോള്‍ കാലമായാല്‍ താജില്‍ സിനിമക്ക് പകരം ഫുട്‌ബോള്‍ തത്സമയ പ്രദര്‍ശനമാണ് അരങ്ങു തകര്‍ക്കാറുള്ളത്. ഇതിനായി കളിക്കാരുടെ വിത്യസ്ത പോസ്റ്ററുകളും പ്രിന്റ് ചെയ്തു പതിക്കാറുണ്ട്. ബിഗ് സ്‌ക്രീനില്‍ കളി കാണാന്‍ ദൂരസ്ഥലങ്ങളില്‍ നിന്ന് പോലും ഫുട്‌ബോള്‍ പ്രേമികള്‍ പാലപ്പെട്ടി താജിലേക്ക് എത്താറുണ്ട്. 41 വര്‍ഷത്തെ സിനിമ സ്‌കോപ്പ് പ്രദര്‍ശനം കഴിഞ്ഞ മാര്‍ച്ച് 10 ന് ‘വരനെ ആവശ്യമുണ്ട്’ എന്ന പ്രദര്‍ശനത്തോട് കൂടിയാണ് തിരശീല വീണത്. ലോക്ക് ഡൗണില്‍ അടച്ച തിയേറ്റര്‍ പിന്നീട് തുറന്നിട്ടില്ല. കൊറോണ സാഹചര്യത്തില്‍ മുന്നോട്ട് പോകാന്‍ മാര്‍ഗ്ഗമില്ലാത്തതിഞ്ഞാലാണ് അടച്ചു പൂട്ടാന്‍ തീരുമാനിച്ചത്. ജീവനക്കാരുടെയും ശമ്പളവും, ഇലക്ട്രിസിറ്റി ബില്ലും മറ്റു ചിലവുകളും വഹിച്ച് നടത്തുവാന്‍ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്. പാലപ്പെട്ടി താജ് ഓര്‍മയാവുന്നതോടെ പ്രദേശ വാസികള്‍ക്ക് സിനിമ കാണാന്‍ 20 കിലോമീറ്റര്‍ അകലെ കുന്നംകുളത്തോ ഗുരുവായൂരോ പൊന്നനിയിലേക്കോ പോകേണ്ടിവരും.