മണ്ണിലിറങ്ങാന്‍ മടിക്കുന്ന മലയാളിയും വിഷലിപ്തമായ മറുനാടന്‍ പച്ചക്കറിയും ഉപഭോഗസംസ്‌കാരം വളര്‍ത്തിയ വിനകളുമെല്ലാം നിലനില്‍ക്കുമ്പോഴും കര്‍ഷകവൃത്തിയില്‍ ഊന്നിയ ജീവിതം പടുത്തുയര്‍ത്തുകയാണ് വെള്ളാറ്റഞ്ഞൂരിലെ വടക്കൂടന്‍ ജോഷി എന്ന കര്‍ഷകന്‍. കൊറോണ തീര്‍ത്ത ഒറ്റപ്പെടലും, പ്രളയവും ഒക്കെ നിലനില്‍ക്കുമ്പോഴും, മികച്ച ജൈവരീതികളിലൂടെ വിവിധതരം കൃഷികളില്‍ വ്യാപരിക്കുകയാണ് വെള്ളാറ്റഞ്ഞൂരിലെ ജോഷി. ലോറികളും, ക്വാറി പ്രവര്‍ത്തനങ്ങളും പോലുള്ള വിവിധ പണികളായാണ് ജീവിതത്തിന്റെ ആദ്യഘട്ടത്തില്‍ തുടങ്ങിയത്. ക്വാറികള്‍ക്ക് കടുത്ത നിയന്ത്രണം വന്നതോടെയാണ് വടക്കൂടന്‍ ചാക്കുണ്ണി എന്ന കര്‍ഷകന്റെ മകന്, പാരമ്പര്യമായി രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന കൃഷിപ്പൂതിക്ക് തെല്ലും കോട്ടം തട്ടിയില്ലെന്നറിഞ്ഞത്.മുപ്പത് ഏക്കറിലധികം തരിശുനിലം ഏറ്റെടുത്ത് മൂന്നൂറിലധികം പറയുടെ നെല്‍കൃഷിയാണ് ഇന്ന് ജോഷി വെള്ളാറ്റഞ്ഞൂര്‍-തയ്യൂര്‍ മേഖലകളില്‍ ചെയ്യുന്നത്. അഞ്ചേക്കറോളം സ്ഥലത്ത് പച്ചക്കറി കൃഷിയും സ്ഥിരമായി നടത്തുന്നുണ്ട് . ഇതു കൂടാതെ എട്ടോളം പശുക്കള്‍ ഉള്ള ആകര്‍ഷകമായ പശു ഫാം, കോഴി ഫാം, ആട് വളര്‍ത്തല്‍, മണ്ണിര കമ്പോസ്റ്റ്, മുയല്‍ വളര്‍ത്തല്‍, പക്ഷി വളര്‍ത്തല്‍, അലങ്കാര മത്സ്യങ്ങളുടെ ചെറിയ കൃഷി എന്നിവയൊക്കെ അദ്ദേഹം നടത്തുന്നുണ്ട്. കൃഷിയുടെ നടത്തിപ്പിന് കുടുംബത്തിന്റെ പൂര്‍ണ്ണ സഹകരണം ഉള്ളതാണ് തന്റെ വിജയമെന്ന് ജോഷി പറയുന്നു.ഗ്രെയ്‌സിയാണ് ഭാര്യ. മക്കള്‍ ഷാരോണ്‍, അലോഷ്യസ്, അന്ന റോസ്. വെള്ളാറ്റഞ്ഞൂര്‍ – തയ്യൂര്‍ പാടത്തെ നെല്‍കൃഷി ഒരു മാത്യക മാത്രമല്ല, ഒരു സന്ദേശം കൂടിയാണ് സമൂഹത്തിന് പകര്‍ന്നു നല്‍കുന്നത്. ഒരു ലക്ഷ്യം ഉണ്ടെങ്കില്‍, ഇച്ഛാശക്തിയുണ്ടെങ്കില്‍ ഒന്നും അസാധ്യമല്ല എന്ന മഹത്തായ സന്ദേശം.