വാക്കേറ്റമില്ല, സംഘര്‍ഷമില്ല..ചാലിശ്ശേരിയിലേത് സമാധാനപൂര്‍ണ്ണമായ പള്ളിയേറ്റെടുക്കല്‍

Advertisement

Advertisement

സഭാ തര്‍ക്കം;ചാലിശ്ശേരി പള്ളി പോലീസ് ഏറ്റെടുത്തു.തഹസില്‍ദാര്‍ക്ക് താക്കോല്‍ കൈമാറി.അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ തീര്‍ത്തും സമാധാനപരമായിരുന്നു ചാലിശ്ശേരിയിലെ പള്ളി ഏറ്റെടുക്കല്‍. യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള സഭാതര്‍ക്കത്തില്‍ നൂറ്റാണ്ടുകളായി യാക്കോബായ സഭയുടെ ഭാഗമായി ആരാധന നടത്തിയിരുന്ന പാലക്കാട് ജില്ലയിലെ ചാലിശ്ശേരി സെന്റ് പീറ്റേഴസ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ സുപ്രീം കോടതി വിധിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഹൈകോടതിയില്‍ നിന്ന് ലഭിച്ച നിര്‍ദ്ദേശത്തെ തുടര്‍ന്ന് പോലീസ് സംരക്ഷണത്തില്‍ പള്ളിയുടെ താക്കോല്‍ പട്ടാമ്പി തഹസില്‍ദാര്‍, ഓര്‍ത്തഡോക്‌സ്  വിഭാഗത്തിന് കൈമാറി. ഹൈക്കോടതി വിധി വന്ന സാഹചര്യത്തില്‍ ചാലിശ്ശേരി പോലീസ് ഭരണ സമിതിയംഗങ്ങളുമായി ചര്‍ച്ച നടത്തിയിരുന്നു. സമാധനപരമായി കോടതി വിധി നടപ്പിലാക്കുവാന്‍ സഹകരിക്കുമെന്ന് പള്ളി കമ്മറ്റിയും വ്യക്തമാക്കിയിരുന്നു. എന്നാല്‍ വ്യാഴാഴ്ച പുലര്‍ച്ച രണ്ടിന് വലിയ സന്നാഹങ്ങളോടെയാണ് പോലീസ് പള്ളിയിലെത്തിയത്.പ്രധാന ശൂശ്രഷകരില്‍ നിന്ന് താക്കോല്‍ വാങ്ങി പള്ളിക്ക് ചുറ്റും പോലീസ് സേനയെ നിലയുറപ്പിക്കുകയും ചെയ്തു.ഇതോടെ പോലീസുമായി പുലര്‍ച്ച ഭരണസമിതിയംഗങ്ങള്‍ മുന്‍പറഞ്ഞ കാര്യങ്ങള്‍ വിശദീകരിച്ചു.രാവിലെ വികാരി ഫാ.ജെയിംസ് ഡേവീഡ് കുര്‍ബ്ബാന അര്‍പ്പിച്ചു.തുടര്‍ന്ന് റവന്യൂ – പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ റവന്യൂ സംഘം പള്ളിക്കുള്ളിലെ സാധനങ്ങളുടെ കണക്കെടുപ്പ് പൂര്‍ത്തിയാക്കി. താക്കോല്‍ പട്ടാമ്പി തഹസില്‍ദാര്‍ ശ്രീജിത്തിന് നല്‍കി. ഷൊര്‍ണ്ണൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പോലീസ് ഉച്ചയോടെ ദേവാലയത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. വൈകീട്ട് വികാരി ഫാ.മാത്യൂസ് ജേക്കബിന് ആര്‍.ഡി.ഒ താക്കോല്‍ കൈമാറി. ചാലിശ്ശേരിയുടെ മണ്ണില്‍ 1865ലാണ് പള്ളി സ്ഥാപിച്ചത്.1995 സുപ്രീം കോടതി വിധിയെ തുടര്‍ന്നാണ് പള്ളിയില്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം ഉണ്ടായത്.