മലപ്പുറം ജില്ലയില്‍ കോവിഡ് വ്യാപനം വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ പുന്നയൂര്‍ക്കുളം ഉപ്പുങ്ങലിലെ നിയന്ത്രണം മറികടന്ന് ജില്ലാഅതിര്‍ത്തി കടക്കാന്‍ ശ്രമിച്ചവരെ നാട്ടുകാര്‍ തടഞ്ഞു.വടക്കേക്കാട് എസ്.എച്ച്.ഒ. എം.സുരേന്ദ്രന്റെ നേതൃത്വത്തിലാണ് ഉപ്പുങ്ങല്‍ പാലത്തിന് ഇറക്കത്തായി റോഡില്‍ ബാരിക്കേഡ് ഉപയോഗിച്ച് പൂര്‍ണമായും അടച്ചുപൂട്ടിയത്.എന്നാല്‍ മലപ്പുറം ജില്ലാ അതിര്‍ത്തിയായ ചെറവല്ലൂരിലെ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവര്‍ സ്റ്റേഷനിലെത്തി പോലീസുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഡിഎംഒ യുടെ നിര്‍ദ്ദേശപ്രകാരമാണ് അടച്ചുപൂട്ടിയതെന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ നിയന്ത്രണത്തില്‍ അയവ് വരുത്താനാകില്ലെന്നും പോലീസ് വ്യക്തമാക്കി. ഇതിനുശേഷമാണ് ചെറവല്ലൂര്‍ പഞ്ചായത്തില്‍ നിന്ന് 10ഓളം പേര്‍ അടങ്ങുന്ന സംഘം അടച്ചുകെട്ടിയ ബാരിക്കേഡ് നീക്കി ജില്ലയിലേക്ക് പ്രവേശിക്കാനായി ശ്രമം നടത്തിയത്. പുന്നയൂര്‍ക്കുളം പഞ്ചായത്തിലെ ഉപ്പുങ്ങല്‍ പ്രദേശവാസികള്‍ ഇത് തടഞ്ഞത് നേരിയ സംഘര്‍ഷത്തിനിയാക്കി. വടക്കേക്കാട് എസ്.എച്ച്.ഒ. എം.സുരേന്ദ്രന്റെ നേതൃത്വത്തില്‍ പോലീസെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. എസ്‌ഐമാരായ സന്തോഷ്, രാജു എന്നിവരും എസ്.എച്ച്.ഒക്കൊപ്പം ഉണ്ടായിരുന്നു.