ഒഴിവു ദിവസങ്ങളെ നിറം നല്‍കി ജ്വലിപ്പിച്ചിരുന്ന വേലൂരിലെ സിനിമ കൊട്ടകക്ക് പുനര്‍ജന്മം നല്‍കി തയ്യൂര്‍ കൃഷ്ണന്‍. വേലൂര്‍ക്കാര്‍ക്ക് സുപരിചിതമായിരുന്ന വേലൂര്‍ ജോണ്‍സണ്‍ എന്ന സിനിമ ടാക്കീസിന്റെ ഓര്‍മ്മകളാണ് കൃഷ്ണന്‍ തന്റെ ചെറുമാതൃകയിലൂടെ പങ്കുവെക്കുന്നത്. അവധികളുടെ വിരസതയകറ്റാന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് വേലൂരില്‍ സ്ഥാപിതമായതായിരുന്നു ജോണ്‍സണ്‍ ടാക്കീസ്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ടാക്കീസ് പൊളിച്ചുമാറ്റപ്പെട്ടതോടെ നാട്ടുക്കാര്‍ക്ക് ഇത് ഓര്‍മ്മ മാത്രമായി. ലോക്ക് ഡൗണ്‍ കാലത്തെ അവധികളാണ് കൃഷണനെ ടാക്കീസ് നിര്‍മ്മാണത്തിന് പ്രേരിപ്പിച്ചത്. 2 അടി നീളവും 1 അടി വീതിയിലുമായി ഓലയും തെര്‍മോകോളും പോളിഫോം ചട്ടപെട്ടികളുമാണ് നിര്‍മ്മാണത്തിനായി ഉപയോഗിച്ചത്. 15 ദിവസം കൊണ്ടാണ് പണി പൂര്‍ത്തിയാക്കിയത്. തിയേറ്ററിലെ സീറ്റുകള്‍, കാണികള്‍, സ്‌ക്രീന്‍, ടിക്കറ്റ് കൗണ്ടര്‍ തുടങ്ങി തിയേറ്ററില്‍ ഉപയോഗിക്കുന്ന എല്ലാ ഉപകരണങ്ങളും ചെറു മോഡലില്‍ ഒരുക്കിയിട്ടുണ്ട്. നിരവധി ചിത്രങ്ങള്‍ വരച്ചും, ശില്‍പ്പങ്ങള്‍ നിര്‍മ്മിച്ചും ശ്രദ്ധേയനായ കൃഷ്ണന്‍, തൃശൂര്‍ ഫൈന്‍ ആര്‍ട്ട്‌സ് കോളേജില്‍ നിന്നാണ് ചിത്രകല അഭ്യസിച്ചത്. അംഗന്‍വാടി ഹെല്‍പ്പറായ ഭാര്യ അനിത, മക്കളായ അഖിലേഷ് തയ്യൂര്‍, അതുല്‍ കൃഷ്ണന്‍ എന്നിവരും കൃഷ്ണന്റെ ഇത്തരം കലാസൃഷ്ടികള്‍ക്ക് എന്നും പ്രോത്സാഹനമാണ്.