രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് സ്ഥിരീകരിച്ചത് 69,878 പേര്‍ക്ക്. 945 പേരാണ് ഇന്നലെ മരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 29.75 ലക്ഷമായി. പ്രതിദിന രോഗബാധയില്‍ ലോകത്ത് ഇന്ത്യയാണ് മുന്നില്‍. അമേരിക്കയില്‍ ഇന്നലെ 50,455 പേര്‍ക്കും, ബ്രസീലില്‍ 31,291 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് 22.22 ലക്ഷം പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 55,794 പേര്‍ മരിച്ചു. നിലവില്‍ 6.97 ലക്ഷം പേരാണ് ചികിത്സയിലുളളതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു. ഇന്നലെ മാത്രം 10.23 ലക്ഷം സാംമ്പിളുകളാണ് പരിശോധിച്ചത്. രാജ്യത്ത് ഇതുവരെ 3.44 കോടി സാംമ്പിളുകള്‍ പരിശോധിച്ചെന്നും ഐസിഎംആര്‍ പറയുന്നു. മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തമിഴ്നാട്, കര്‍ണാടക എന്നി സംസ്ഥാനങ്ങളില്‍ രോഗബാധ വളരെ കൂടുതലാണ്.
മഹാരാഷ്ട്രയില്‍ പ്രതിദിന കേസുകളില്‍ വന്‍വര്‍ധനയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 14,161 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 339 പേര്‍ മരിച്ചു. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 6.57 ലക്ഷമായി, മരണം 21,698 ആയി ഉയര്‍ന്നു. ആന്ധ്രയില്‍ 9,544 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ആകെ പോസിറ്റീവ് കേസുകള്‍ 3.34 ലക്ഷമായി. രോഗവ്യാപനം തീവ്രമായ കര്‍ണാടകയില്‍ 7,571 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 93 പേര്‍ മരിച്ചു. ആകെ പോസിറ്റീവ് കേസുകള്‍ 2.64 ലക്ഷമായി, മരണം 4,522 ആയി ഉയര്‍ന്നു. തമിഴ്നാട്ടില്‍ ഇന്നലെ 5,995 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 101 പേര്‍ മരിച്ചു. ആകെ രോഗബാധിതര്‍ 3.67 ലക്ഷമായി. ആകെ മരണം 6,340. പശ്ചിമബംഗാളില്‍ 3,245 പേര്‍ക്കും, അസമില്‍ 1,856 പേര്‍ക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.