Advertisement

Advertisement

പാട്ടത്തിനെടുത്ത തോട്ടത്തില്‍ വിളവെടുപ്പിനായി ഒരുങ്ങി നില്‍ക്കുന്ന നേന്ത്രക്കുലകളും, വിവിധയിനം പച്ചക്കറികളുമായാണ് വിപണിക്ക് മികവേകാന്‍ ചിറക്കല്‍ സണ്ണിയുടെ വരവ്.കോവിഡ് കാലത്തെ വിളവെടുപ്പ് കച്ചവടത്തെ എങ്ങനെ ബാധിക്കുമെന്ന് നിശ്ചയമില്ല. കൃഷിയിറക്കാന്‍ സ്വന്തമായി ഭൂമിയില്ലാത്ത സണ്ണി പാട്ടത്തിനെടുത്ത സ്ഥലത്താണ് വാഴയും വിവിധ തരം പച്ചക്കറികളും കൃഷി ചെയ്യുന്നത്.പ്രതിഫലത്തെക്കാള്‍ കൂടുതല്‍ വിളവ് നല്‍കുന്ന സന്തോഷമാണ് സണ്ണിക്ക്. പ്രകൃതിക്ഷോഭം നല്‍കിയ പ്രയാസങ്ങള്‍ നിറഞ്ഞ നീണ്ട പിന്നാമ്പുറങ്ങള്‍ സണ്ണിയെ തളര്‍ത്തുന്നില്ല. കുന്നംകുളം സ്വദേശികളായ ചന്ദ്രന്‍, ബാബു എന്നിവരുടെ കല്ലഴി കുന്നത്തുള്ള സ്ഥലത്താണ് ഇപ്പോള്‍ കൃഷിയിറക്കിയിരിക്കുന്നത്.കാട് പിടിച്ചു കിടന്നിരുന്ന സ്ഥലം കുറഞ്ഞ സമയംകൊണ്ട് കൃഷിയോഗ്യമാക്കി മാറ്റിയപ്പോള്‍ സ്ഥല ഉടമകള്‍ പാട്ടതുകയില്‍ മാറ്റം വരുത്തി സണ്ണിയെ പ്രോത്സാഹിപ്പിച്ചു. കാട്ടകാമ്പാല്‍ പഞ്ചായത്തിലല്ലാതെ മറ്റൊരു പഞ്ചായത്തില്‍ സണ്ണി ആദ്യമായാണ് കൃഷിച്ചെയുന്നത്. കൃഷിയിടത്തില്‍ 1200 ചെങ്ങാലിക്കോടന്‍ നേന്ത്ര വാഴകളാണ് ഓണവിപണിക്കായി വിളഞ്ഞു നില്‍ക്കുന്നത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കുറച്ച് വാഴകള്‍ നശിച്ചിട്ടുണ്ട്. നേന്ത്രകായക്ക് പുറമെ കൈപ്പ, വെണ്ട, പടവലം, പയര്‍, കൂര്‍ക്ക, കൊളളി, വഴുതന, മുളക്, തക്കാളി തുടങ്ങിയവയും വിളവെടുപ്പിന് തയ്യാറായി കഴിഞ്ഞു.ചിറക്കല്‍ സെന്ററിലും, കുന്നംകുളത്തുമായി സ്വന്തം നിലയില്‍ കച്ചവടം നടത്താനാണ് തീരുമാനം. ഈ വര്‍ഷത്തെ കൃഷിക്കായി നാലരലക്ഷത്തോളം രൂപ ചിലവ് വന്നിട്ടുണ്ട്. സണ്ണിക്കൊപ്പം സുഹൃത്തായ പ്രഭാകരനും സഹായത്തിനായി കൃഷിയിടത്തിലുണ്ട്. സണ്ണിക്ക് 3 തവണ കാട്ടകാമ്പാല്‍ പഞ്ചായത്തിന്റെ മികച്ച കര്‍ഷകനുളള അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. മണ്ണിനെ പൊന്നാക്കാനുളള കഴിവ് കര്‍ഷകനുണ്ട്. ആ വിയര്‍പ്പിനുളള അംഗീകാരങ്ങള്‍ക്കൊപ്പം ആവശ്യമായ സഹായങ്ങളും പിന്തുണയും നല്‍കിയാല്‍ ആവശ്യമായത്രയും വിഷരഹിത പച്ചക്കറി ഉദ്പാദിപ്പിക്കാന്‍ നമുക്കാവുമെന്നും സണ്ണി അഭിപ്രായപ്പെട്ടു.