ഇന്ത്യയുടെ കൊവിഡ് പ്രതിരോധ വാക്സിനായ കൊവിഷീല്‍ഡ് ഡിസംബറില്‍ ലഭ്യമാകാന്‍ സാദ്ധ്യത. അവസാനഘട്ട പരീക്ഷണം വിജയിച്ചാല്‍ ഡിസംബറില്‍ വാക്സിന്‍ വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷയെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അധികൃതര്‍ അറിയിച്ചു.
രണ്ട് ഡോസ് കൊവിഷീല്‍ഡ് വാക്സിനാകും ഒരാളില്‍ കുത്തിവെക്കേണ്ടി വരിക. ആദ്യ ഡോസ് കുത്തിവയ്പ് എടുത്തു 29-ാം ദിവസമായിരിക്കും രണ്ടാം ഡോസ് കുത്തിവയ്പ് എടുക്കേണ്ടി വരുക. രണ്ടാം ഡോസ് എടുത്തുകഴിഞ്ഞാല്‍ പ്രതിരോധശേഷി ജീവിതകാലം മുഴുവന്‍ നിലനില്‍ക്കും.
തുച്ഛാമായ ചിലവ് മാത്രമേ ഒരു വ്യക്തിക്ക് വാക്സിനേഷനെടുക്കാന്‍ വരുന്നുള്ളൂ. ഒരു ഡോസിന് 250 രൂപയാണ് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്ന തുക. പൊതു ആരോഗ്യ സംവിധാനങ്ങള്‍ വഴി ജനങ്ങളിലേക്ക് എത്തുമ്ബോള്‍ വാക്സിന്റെ ചിലവ് ഇതിലും കുറയാനാണ് സാദ്ധ്യത.
100 ദശലക്ഷം കൊവിഷീല്‍ഡ് വാക്സിനുകള്‍ വിപണിയിലെത്തിക്കാനാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് പദ്ധതി തയ്യാറാക്കുന്നത്. ഓക്സ്ഫോര്‍ഡ് അസ്ട്രസെനക്കയും നോവാവാക്‌സും വികസിപ്പിക്കുന്ന കോവിഡ് -19 വാക്സിനാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുക. സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് വാക്സിന്‍ നിര്‍മാണത്തിനുള്ള മുന്‍കൂര്‍ മൂലധനം നല്‍കുന്നത് ഇന്റര്‍നാഷണല്‍ വാക്സിന്‍ അലയന്‍സും ബില്‍ & മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷനും സംയുക്തമായാണ്.