ഓണം, ക്രിസ്തുമസ് പരീക്ഷകള്‍ ഒഴിവാക്കുവാന്‍ സാധ്യത.കോവിഡിന്റെ പശ്ചാത്തലത്തില്‍ ഓണപ്പരീക്ഷ ഇത്തവണ ഉണ്ടാകില്ല. ക്രിസ്തുമസ് പരീക്ഷയും നടത്തേണ്ട എന്ന ആലോചനയിലാണ് വിദ്യാഭ്യാസ വകുപ്പ്. ഇതടക്കമുള്ള നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് അക്കാദമിക്ക് കലണ്ടര്‍ പുനഃക്രമീകരിക്കാന്‍ ശുപാര്‍ശ നല്‍കാന്‍ എസ്.സി.ഇ.ആര്‍.ടി. ഡയറക്ടറെ ചുമതലപ്പെടുത്തിയതായി പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം.മാര്‍ച്ചില്‍ അക്കാദമിക്ക് വര്‍ഷം അവസാനിപ്പിക്കുന്നതിനു പകരം ഏപ്രില്‍, മേയ് മാസങ്ങളിലേക്കുകൂടി ദീര്‍ഘിപ്പിക്കണമെന്ന നിര്‍ദേശവും ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ നടന്നുവരുന്ന ഓണ്‍ലൈന്‍ പഠനം കരിക്കുലം കമ്മിറ്റി യോഗം വിലയിരുത്തി. മുതിര്‍ന്ന ക്ലാസുകളില്‍ മാത്രമാണ് ദിവസേന രണ്ടുമണിക്കൂര്‍ ക്ലാസ് നടക്കുന്നത്. താഴ്ന്ന ക്ലാസുകളില്‍ അരമണിക്കൂറേ അധ്യാപനമുള്ളൂ. 20 ശതമാനം പാഠഭാഗമാണ് നിലവില്‍ പഠിപ്പിച്ചിരിക്കുന്നത്.ഡിസംബര്‍ വരെ സ്‌കൂള്‍ തുറക്കാന്‍ കഴിയില്ലെന്ന വിലയിരുത്തലാണ് സര്‍ക്കാരിനുള്ളത്. തുറന്നാല്‍ പിന്നീട് അവധി നല്‍കാതെ എല്ലാദിവസവും ക്ലാസ് നടത്തേണ്ടിവരും. മേയില്‍ വാര്‍ഷിക പരീക്ഷ നടത്തിയാല്‍ മതിയെന്ന നിര്‍ദേശവും ഉണ്ട്.