Advertisement

Advertisement

സര്‍ക്കാറിനെതിരെ പ്രതിപക്ഷം നല്‍കിയ അവിശ്വാസപ്രമേയം പരാജയപ്പെട്ടു. നാല്‍പതിനെതിരേ 87 വോട്ടുകള്‍ക്കാണ് അവിശ്വാസപ്രമേയം തള്ളിയത്. ഏതാണ്ട് അഞ്ചു മണിക്കൂറിലധികം സമയമെടുത്താണ് ചര്‍ച്ചയും അനന്തരം വോട്ടെടുപ്പും നടന്നത്. ഇതു സംബന്ധിച്ചുള്ള ചര്‍ച്ച പത്തുമണിക്കൂറാണ് നീണ്ടത്.

അതേ സമയം മുഖ്യമന്ത്രിയുടെ പ്രസംഗം രണ്ടര മണിക്കൂര്‍ നീണ്ടതോടെ പ്രതിപക്ഷം മുദ്രാവാക്യങ്ങളുമായി സഭയുടെ നടുത്തളത്തിലിറങ്ങി. രാവിലെ 11 മണിക്ക് ആരംഭിച്ച അവിശ്വാസ പ്രമേയ ചര്‍ച്ച ഇപ്പോഴാണ് അവസാനിച്ചത്. ഭരണ-പ്രതിപക്ഷ അംഗങ്ങളുടെ പ്രസംഗത്തിന് ശേഷമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിലപാട് വ്യക്തമാക്കിയത്. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രമേയത്തിന്‍മേല്‍ മറുപടി പ്രസംഗം തുടര്‍ന്നു. മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് ശേഷമാണ് പ്രമേയം വോട്ടിനിട്ടത്. എന്നാല്‍ കേരള കോണ്‍ഗ്രസിലെ ജോസ് വിഭാഗം വോട്ടെടുപ്പില്‍ പങ്കെടുത്തതുമില്ല.

ചോദ്യങ്ങള്‍ക്കുള്ള മറുപടിയല്ല മുഖ്യമന്ത്രി പറയുന്നത് എന്ന് ആരോപിച്ച്‌ പ്രസംഗം തുടരാന്‍ അനുവദിക്കാതെയാണ് പ്രതിപക്ഷാഗംങ്ങള്‍ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കിയത്. മണിക്കൂറുകള്‍ നീണ്ട മറുപടി പ്രസംഗത്തിലും മുഖ്യമന്ത്രിയുടെ ഉത്തരങ്ങളില്‍ പ്രധാനപ്പെട്ട പല ചോദ്യങ്ങള്‍ക്കുള്ള മറുപടിയും ഉണ്ടായിരുന്നില്ല.
ലൈഫ് മിഷന്‍, സ്വര്‍ണക്കടത്ത് തുടങ്ങിയ വിഷയങ്ങളിലാണ് വ്യക്തമായ മറുപടി പറയാന്‍ മുഖ്യമന്ത്രിക്കാവാതിരുന്നത്.
അതെ സമയം ജനങ്ങള്‍ക്ക് ഈ സര്‍ക്കാറില്‍ വിശ്വാസമുണ്ടെന്നും പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്കൊന്നും തെളിവില്ലെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.
അവരവരുടെ സ്വാഭാവം വച്ച്‌ മറ്റുള്ളവരെ അളക്കരുതെന്ന് പ്രതിപക്ഷത്തോട് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ഥിച്ചു. തിരുവനന്തപുരം വിമാനത്താവളം ടെന്‍ഡറില്‍ സര്‍ക്കാര്‍ വീഴ്ചവരുത്തി എന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതലയുമായി ബന്ധപ്പെട്ട് അദാനിയുടെ ബന്ധുവിന്റെ കമ്ബനിയില്‍ നിന്ന് നിയമസഹായം തേടിയെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം. രഹസ്യമായി ഒരു നിലയും പരസ്യമായി മറ്റൊരു നിലയും സ്വീകരിക്കുന്നവരാണ് മറ്റുള്ളവരെല്ലാമെന്ന് കരുതരുത്. രണ്ട് കൂട്ടരുടെയും പ്രവര്‍ത്തനങ്ങള്‍ നാട് കാണുന്നുണ്ട്. വിമാനത്താവളം അദാനിക്ക് നല്‍കരുതെന്ന സര്‍ക്കാര്‍ നിലപാട് ആദ്യം മുതലേ വ്യക്തമാക്കിയിട്ടുള്ളതാണ്. അത് ജനങ്ങള്‍ക്കും വ്യക്തമാണ്. രാജ്യത്തെ പ്രമുഖമായ നിയമ സ്ഥാപനമായത് കൊണ്ടാണ് സംസ്ഥാനം സിറില്‍ അമര്‍ചന്ദ് മംഗള്‍ദാസിനെ സമീപിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആധാരം രജിസ്റ്റര്‍ ചെയ്യാന്‍ രജിസ്ട്രാഫീസില്‍ പോകുമ്ബോള്‍ എത്ര നിയമപരിജ്ഞാനമുള്ളവരും മറ്റൊരാളുടെ സഹായം തേടില്ലേ. അത് പോലെയാണ് ലേലക്കാരാര്‍ കാര്യത്തിലും ഉപദേശം സ്വീകരിച്ചത്. സുപ്രിം കോടതിയിലെ പ്രമുഖ അഭിഭാകനായ കബില്‍ സിബലിന് കേസ് എല്‍പ്പിക്കുമ്ബോള്‍ അദ്ദേഹത്തിന്റെ നിയമപരജ്ഞാനമല്ലേ നോക്കുക. മറിച്ച്‌ അദ്ദേഹം കോണ്‍ഗ്രസുകാരനാണെന്നത് ആരെങ്കിലും നോക്കുമോ. ലേലകാര്യത്തില്‍ നിയമോപദേശം മാത്രമാണ് കണ്‍സള്‍ട്ടന്‍സി നല്‍കിയത്. അല്ലാതെ ക്വാട്ടു ചെയ്യേണ്ട തുകയുമായി ബന്ധപ്പെട്ട് ഒരു ഇടപെടലും പങ്കും ഈ കണ്‍സള്‍ട്ടന്‍സിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിമാനത്താവള സ്വകാര്യവല്‍കരണത്തിനെതിരെയുള്ള പ്രമേയത്തിലെ മുഖ്യമന്ത്രിയുടെ മറുപടിയെ തടസപ്പെടുത്താന്‍ പ്രതിപക്ഷം പല തവണ ശ്രമിച്ചു. മറുപടി പറയും മുന്‍പേ പ്രതിപക്ഷത്തിന് എന്തിനാണിത്ര വെപ്രാളമെന്ന് മുഖ്യമന്ത്രി ചോദിച്ചു. ‘എന്ത് അപവാദവും വിളിച്ച്‌ പറയുക, മറുപടി കേള്‍ക്കാന്‍ ഞങ്ങള്‍ സൗകര്യവുമില്ല’ എന്ന നിലയാണ് പ്രതിപക്ഷത്തിന്റേത്. മറുപടി പറയുമ്ബോള്‍ സാധാരണ ഗതിയിലുള്ള സംസ്‌കാരം കാണിക്കണം. കള്ളങ്ങളും അപവാദങ്ങളും പറഞ്ഞ് മേല്‍കൈ നേടിക്കളയാമെന്നാണ് നോക്കുന്നത്.
ഇപ്പോള്‍ ആകെ വെപ്രാളത്തില്‍ പെട്ട് നില്‍ക്കുന്നതിനാലാണ് ഇരുപ്പുറയ്ക്കാത്തത്. മറുപടി പറഞ്ഞ് തുടങ്ങും മുന്‍പേ എന്തിനാണ് ബഹളം കൂട്ടുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. മുഖ്യമന്ത്രി പേടിപ്പിക്കാന്‍ നോക്കേണ്ടെന്ന പ്രതിപക്ഷത്തിന്റെ പ്രതികരണത്തിന് മറുപടി പറഞ്ഞാല്‍ പേടിപ്പിക്കലാകുമോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. അങ്ങനെ പേടിക്കാനാണെങ്കില്‍ എന്തിനാണ് ഇവിടെ ഇരിക്കുന്നത്. ഭീഷണിപ്പെടുത്താനല്ല ഇവിടെ ആരും വരുന്നതെന്നും പറയുന്നത് കേള്‍ക്കാനുള്ള സാവകാശം കാട്ടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോണ്‍ഗ്രസ് അടിത്തറയ്ക്കു മേല്‍ മേല്‍ക്കൂര നിലംപൊത്തിയ കെട്ടിടം പോലെയായി. അടിമുടി ബിജെപിയാകാന്‍ കാത്തിരിക്കുന്ന കൂട്ടമായി കോണ്‍ഗ്രസ് മാറി. കോണ്‍ഗ്രസ് നേതാക്കള്‍ പരസ്പരം ബി.ജെ.പി ഏജന്റുമാരെന്നു വിശേഷിപ്പിക്കുന്നു. സോണിയാ ഗാന്ധി അധ്യക്ഷ സ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിച്ചിരിക്കുന്നു. നേതാവിനെ തെരഞ്ഞെടുക്കാന്‍ പോലും കോണ്‍ഗ്രസിനാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.