പെരിയ കേസ് സി ബി ഐ തന്നെ അന്വേഷിക്കും; സര്‍ക്കാര്‍ അപ്പീല്‍ തള്ളി

Advertisement

Advertisement

കാസര്‍കോട് പെരിയയില്‍ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ട കേസ് സി ബി ഐക്ക് വിട്ടതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി. എന്നാല്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം റദ്ദാക്കരുതെന്ന സര്‍ക്കാര്‍ ആവശ്യം ഹൈക്കോടതി ചീഫ് ജസ്റ്റിസ് അടങ്ങിയ ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചു. കാല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടപോലെ കേസിലെ ഗൂഢാലോചന അടക്കം സി ബി ഐക്ക് ഇനി അന്വേഷിക്കാമെന്നും കോടതി വ്യക്തമാക്കി. സി പി എം പ്രവര്‍ത്തകര്‍ പ്രതികളായ കേസാണിതെന്നും അതിനാല്‍ കേസിലെ മുഖ്യപ്രതി പറഞ്ഞത് അനുസരിച്ചാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചതെന്നുമായിരുന്നു കൊല്ലപ്പെട്ടവരുടെ കുടുംബം കോടതിയില്‍ പറഞ്ഞത്. ഇതിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും കുടുബം പറഞ്ഞിരുന്നു. ഇത് അംഗീകരിച്ചാണ് നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ക്രൈംബ്രാഞ്ച് കുറ്റപത്രം റദ്ദാക്കിയത്. തുടര്‍ന്ന് സി ബി ഐയുടെ പുനരന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തത് . എന്നാല്‍ ഇതിനെ സര്‍ക്കാര്‍ ചോദ്യം ചെയ്യുകയും ക്രൈംബ്രാഞ്ച് കുറ്റപത്രം റദ്ദ് ചെയ്യരുതെന്നും ആവശ്യപ്പെട്ട് ഡിവിഷന്‍ ബഞ്ചിനെ സമീപിക്കുകയായിരുന്നു. സര്‍ക്കാറിന്റെ ഈ ആവശ്യം ഇപ്പോള്‍ ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചിരിക്കുകയാണ്. 2019 ഒക്ടോബറിലാണ് പെരിയ കേസ് സി ബി ഐക്ക് കൈമാറാന്‍ സിംഗിള്‍ ബഞ്ച് ഉത്തരവിടുന്നത്. അതേ സമയം കേസ് സി ബി ഐ ഏറ്റെടുത്തെങ്കിലും ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയതോടെ അന്വേഷണം വഴി മുട്ടി. അപ്പീലിന്മേലുള്ള വാദം നവംബറില്‍ തന്നെ പൂര്‍ത്തിയായെങ്കിലും വിധി പറയുന്നത് വൈകുകയായിരുന്നു. ഇപ്പോള്‍ ഏഴ് മാസത്തിനിടെ കോടതി വിധി പറഞ്ഞതോടെ കേസ് ഇനി സി ബി ഐ അന്വേഷണത്തിലേക്ക് കടക്കും.