ഇന്ന് പുലിയിറങ്ങും; കളിയും കാണാം, കൊട്ടും കേള്‍ക്കാം

Advertisement

Advertisement

തൃശൂരിന്റെ തനതു കലാരൂപമായ പുലിക്കളി കോവിഡിന്റെ പശ്ചാത്തലത്തില്‍ നടത്താനാവാത്തതില്‍ ദുഃഖിതരായവര്‍ക്ക് ഇതാ സന്തോഷവാര്‍ത്ത. നാലാം ഓണ നാള്‍ ആയില്ലെങ്കിലും ഇന്നു പുലിയിറങ്ങും. കളിയും കാണാം, കൊട്ടും കേള്‍ക്കാം. നഗരത്തിലല്ല, ഓണ്‍ലൈനില്‍ ആണെന്നു മാത്രം. ടൂറിസം വകുപ്പിന്റെ ഫെയ്‌സ് ബുക്ക് പേജില്‍ ഇന്ന് 7ന് ആണ് പുലിക്കളി സംപ്രേക്ഷണം ചെയ്യുന്നത്. ‘ഓണാഘോഷം 2020’ ഓണ്‍ലൈന്‍ ഓണാഘോഷ പരിപാടിയുടെ ഭാഗമായാണ് കളി. രണ്ടു വരയന്‍ പുലികളും ഒരു പുള്ളിപ്പുലിയുമാണ് ചുവടുവയ്ക്കുന്നത്. 2 പേര്‍ ചെണ്ടമേളം ഒരുക്കും. തൃശൂരില്‍നിന്നുള്ള അഞ്ചംഗ സംഘത്തിന്റെ ചുവടും താളവും കഴിഞ്ഞദിവസം ബോള്‍ഗാട്ടി പാലസില്‍ ചിത്രീകരിച്ചിരുന്നു. പുത്തൂര്‍ സ്വദേശി സുബ്രന്‍, കോലഴി സ്വദേശി ജെയ്‌സണ്‍, കുട്ടെല്ലൂര്‍ സ്വദേശി സതീഷ് എന്നിവരാണ് പുലിവേഷത്തില്‍. വര്‍ഷങ്ങളായി വിവിധ സംഘങ്ങള്‍ക്കു വേണ്ടി ചുവടുവയ്ക്കുന്നവരാണ് ഇവര്‍. പൂങ്കുന്നം സ്വദേശികളായ പ്രസാദ് തോട്ടപ്പാത്തും ജെയിംസും ആണ് മേളമൊരുക്കിയത്. ചിത്രകലാ അധ്യാപകന്‍ കൂടിയായ പ്രസാദ് ആണ് മെയ്യെഴുത്തും നിര്‍വഹിച്ചത്. കഴിഞ്ഞ വര്‍ഷം ആഫ്രിക്കയിലും എത്യോപ്യയിലുമായി നടന്ന വേള്‍ഡ് ഫോക് ഫെസ്റ്റിവലില്‍ ഇവര്‍ പുലിക്കളി അവതരിപ്പിച്ചിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇതേസമയം വിവിധ കലാസാംസ്‌കാരിക പരിപാടികളുടെയും സംപ്രേക്ഷണം ഉണ്ടാകും.