Advertisement

Advertisement

കൊറോണ കാരണം ഭക്തര്‍ക്ക് പ്രവേശനം നിരോധിച്ചിരിക്കുന്ന ശ്രീ പത്മനാഭ ക്ഷേത്രത്തില്‍ ബുധനാഴ്ച മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കും. കര്‍ശന കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ദര്‍ശനം അനുവദിക്കാന്‍ ഭരണസമിതി യോഗത്തില്‍ തീരുമാനമായി. രാവിലെ 8 മുതല്‍ 11 വരെയും വൈകീട്ട് 5 മുതല്‍ ദീപാരാധന സമയം വരെയും മാത്രമേ ഭക്തരെ ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കൂ. ഒരു സമയം 35 പേരില്‍ കൂടുതല്‍ പേരെ ക്ഷേത്രത്തിനുള്ളിലേക്ക് കടത്തിവിടില്ല. പരമാവധി 10 മിനിറ്റ് മാത്രമായിരിക്കും ദര്‍ശനം. ഇത്തരത്തില്‍ ഒരു ദിവസം 665 പേര്‍ക്കു ദര്‍ശന സൗകര്യം ലഭിക്കും. വടക്കേ നട വഴിയായിരിക്കും പ്രവേശനം. അഗ്രശാല ഗണപതി ക്ഷേത്രം, കൊടിമരം, തെക്കേടം, വടക്കേടം, തിരുവമ്പാടി, ശാസ്താം കോവില്‍ എന്നിവിടങ്ങളിലെ ദര്‍ശനത്തിനു ശേഷം പടിഞ്ഞാറേ നട വഴി പുറത്തിറക്കും. ഒറ്റക്കല്‍ മണ്ഡപത്തിലും തിരുവമ്പാടി ചുറ്റമ്പലത്തിനകത്തും പ്രവേശനമുണ്ടാകില്ല. പ്രവേശന പാസിനായി വടക്കേ നടയില്‍ സ്‌പോട്ട് റജിസ്‌ട്രേഷനും ഓണ്‍ലൈന്‍ റജിസ്‌ട്രേഷനും ഏര്‍പ്പാടാക്കിയിട്ടുണ്ടെന്ന് എക്‌സിക്യൂട്ടീവ് ഓഫിസര്‍ വി. രതീശന്‍ അറിയിച്ചു.