ഹിച്ച് ഹൈക്കിങ്ങിലൂടെ ദൂരങ്ങള്‍ താണ്ടി കുന്നംകുളം സ്വദേശി ഉമാ റോയ് .

Advertisement

Advertisement

യാത്രകളെ ഇഷ്ടപ്പെടാത്തവര്‍ വിരളമാണ്. പക്ഷേ ചുറ്റുമുള്ള സാഹചര്യങ്ങളില്‍ ആ ഇഷ്ടങ്ങളെ എല്ലാം തളച്ചിടുന്നവരാണ് പലരും. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തയാണ് 22 കാരി ഉമ. യാത്രകളെ എന്നും ഇഷ്ടപ്പെട്ടിരുന്ന ഉമ തികച്ചും അപ്രതീക്ഷിതമായാണ് 8 സംസ്ഥാനങ്ങള്‍ കണ്ട് പത്തരമാസത്തിനുള്ളില്‍ നാട്ടില്‍ തിരിച്ചെത്തിയത്. കൈയ്യില്‍ പണം കരുതാതെ ഹിച്ച് ഹൈക്കിങ്ങിലൂടെയായിരുന്നു യാത്ര. അതായത് കിട്ടുന്ന വാഹനങ്ങളിലെല്ലാം ലിഫ്റ്റ് ചോദിച്ചാണ് പോണ്ടിച്ചേരി,കര്‍ണ്ണാടക, ആന്ദ്ര, തെലങ്കാന, ഒറീസ്സ, നാഗാലാന്റ്, തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ എത്തിയത്. കാറും ബൈക്കും ട്രാക്ടറും , ലോറിയും ജെ സി ബിയിലുമെല്ലാമായിട്ടായിരുന്നു യാത്ര ചെയതത്. ദക്ഷിണേന്ത്യന്‍ ഭാഷകളും അത്യവശ്യം കൈകാര്യം ചെയ്യാനറിയുന്നതുകൊണ്ട് ആശയവിനിമയത്തിനും ബുദ്ധിമിട്ടുണ്ടായില്ല. ചെന്ന് എത്തുന്നിടത്തു നിന്ന് കിട്ടുന്ന ഭക്ഷണം കഴിക്കും. പലരും ഇത്തരത്തിലുള്ള യാത്രയാണെന്നറിയുമ്പോള്‍ ഭക്ഷണം നല്‍കുകയും ചിലപ്പോള്‍ ഭക്ഷണത്തിനായി പണം നല്‍കുകയും ചെയ്തിട്ടുണ്ടെന്ന് ഉമ പറയുന്നു. പെണ്‍കുട്ടികളെ സംബന്ധിച്ചിടത്തോളം താമസസൗകര്യമല്ലേ മറ്റൊരു വെല്ലുവിളി എന്ന് ചോദിച്ചപ്പോള്‍ അതിന് ഉമയുടെ മറുപടി ഇങ്ങനെ. വീടുകളുടെ വാതിലില്‍ മുട്ടാറുണ്ടുങ്കിലും പലരും താമസിപ്പിക്കാന്‍ താത്പര്യം കാണിക്കാറില്ല. അതിനാല്‍ സ്‌ക്കൂളുകള്‍, പള്ളികള്‍, ക്ഷേത്രങ്ങളങ്ങള്‍, പോലീസ് സ്‌റ്റേഷന്‍, റെയില്‍വേ സ്‌റ്റേഷന്‍ എന്നിവിടങ്ങളില്‍ അന്തിയുറങ്ങും. അതേസമയം ചില കുടുംബങ്ങളില്‍ സ്വന്തം മകളപോലെ പരിചരിക്കുകയും ചെയ്തിട്ടുണ്ട്. പുതിയ അനുഭവങ്ങളും പുതിയ അറിവുകളും പുതിയ രുചികളുമെല്ലാമാണ് യാത്ര സമ്മാനിച്ചത്. മോശമായ അനുഭവങ്ങളും നേരിട്ടിട്ടുണ്ട്. എന്നാല്‍ അതൊന്നും മുന്നോട്ടുള്ള യാത്രയില്‍ ഒരു പ്രതിസന്ധിയായി തോന്നിയിട്ടില്ല. എന്നാല്‍ ഹിച്ച് ഹൈക്കിംങ്ങിനെ താന്‍ ഒരിക്കലും പ്രോത്സാഹിപ്പിക്കില്ലെന്നും എല്ലാവര്‍ക്കും അത് ഇഷ്ടമാകണമെന്നില്ലെന്നും ഉമ പറയുന്നു. മാതാപിതാക്കുളുടെ പൂര്‍ണ്ണ സപ്പോര്‍ട്ടും മനോബലവും മാത്രമായിരുന്നു യാത്രയ്ക്കുള്ള പ്രചോദനം. എന്തായാലും ഇനിയും ഇതുപോലെ പ്ലാന്‍ ചെയ്യാത്ത ഒരു യാത്രതന്നെയാണ് ഉമയുടെ മനസ്സില്‍.