അങ്കണവാടിയ്ക്കായി വീട് നല്‍കിയ കാളിയമ്മായിക്ക് വീടൊരുങ്ങുന്നു. തന്റെ കാലശേഷം വീടും സ്ഥലവും അങ്കണവാടി പ്രവര്‍ത്തനത്തിനായി പഞ്ചായത്തിന് തീറെഴുതി നല്‍കിയ പെങ്ങാമുക്ക് ലക്ഷം വീട് കോളനിയില്‍ ചാക്കത്തുപറമ്പില്‍ 84 വയസുള്ള കാളിയമ്മായിക്കാണ് ഇപ്പോള്‍ പുതിയ വീട് ലഭിക്കുന്നത്. പെങ്ങാമുക്ക് ലക്ഷം വീട് കോളനിയിലെ വീടുകളുടെ നവീകരണത്തിന്റെ ഭാഗമായാണ് കാളിയമ്മായിയുടെ വീടും നവീകരിക്കുന്നത്. ലക്ഷം വീട് കോളനിയുടെ നവീകരണത്തിന് മന്ത്രി ഏ.സി.മൊയ്തീന്‍ നടത്തിയ ശ്രമത്തിനൊടുവില്‍ കെട്ടിട നിര്‍മാതാക്കളുടെ ദേശീയ സംഘടനയായ ക്രെഡായ് ആര്‍ദ്രം പദ്ധതിയിലൂടെ കോളനിയിലെ 13 ഇരട്ട വീടുകള്‍ ഒറ്റ വീടുകളായി നിര്‍മിച്ച് നല്‍കാന്‍ തയ്യാറായി. ഇതിന്റെ ഭാഗമായി കാളിയമ്മായിയുടെ വീടിന്റെ നിര്‍മാണവും പുരോഗമിക്കുകയാണ്. അങ്കണവാടിക്ക് സ്ഥലം നല്‍കിയതിനാല്‍ ബാക്കിയുള്ള സ്ഥലത്ത് 400 ചതുരശ്ര അടിയിലാണ് വീട് നിര്‍മിക്കുന്നത്.