ശക്തന്‍ മാര്‍ക്കറ്റ് തുറക്കുന്ന സാഹചര്യത്തില്‍ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.

Advertisement

Advertisement

കോവിഡ് വ്യാപനത്തെതുടര്‍ന്ന് അടച്ചിട്ട ശക്തന്‍ മാര്‍ക്കറ്റ് തുറന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ അത് സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. മാര്‍ക്കറ്റിലേക്ക് വരുന്ന വാഹനങ്ങള്‍ അണുനശീകരണം നടത്തി ടോക്കണ്‍ വാങ്ങി വേണം മാര്‍ക്കറ്റിനകത്ത് പ്രവേശിക്കാന്‍. ചരക്കുമായി വരുന്ന ലോറികള്‍ രാവിലെ ചരക്കിറക്കി മാര്‍ക്കറ്റില്‍ നിന്ന് പോകണം. നിലവിലുളള കടകള്‍/തൊഴിലാളികള്‍ എന്നിവരെ രണ്ട് ഗ്രൂപ്പുകളായി തിരിച്ച് പകുതി കടകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ പ്രവര്‍ത്തിക്കണം. ഓരോ ഗ്രൂപ്പിലും തൊഴിലാളികളെ തിരിച്ചറിയുന്നതിന് വ്യത്യസ്ത നിറത്തിലുളള ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നല്‍കണം. കടകളില്‍ പരമാവധി മൂന്ന് ജീവനക്കാര്‍ മാത്രമേ പാടുളളൂ. അവര്‍ ആഴ്ചയില്‍ 3 ദിവസം തൂടര്‍ച്ചയായി ജോലി നോക്കണം. ചെറുകിട കച്ചവടക്കാര്‍ക്ക് സാധനങ്ങള്‍ വാങ്ങുന്നതിന് നടപ്പിലാക്കിയ ഒറ്റ, ഇരട്ട നമ്പര്‍ സമ്പ്രദായം അതു പോലെ തുടരും. റീട്ടെയില്‍ കച്ചവടക്കാരെ മാര്‍ക്കറ്റിനുളളില്‍ പ്രവേശിപ്പിക്കുന്നതിന് എന്‍ട്രി പോയിന്റ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. എന്‍ട്രി പോയിന്റില്‍ തെര്‍മ്മല്‍ സ്‌ക്രിനീംഗ് സൗകര്യം ഒരുക്കും. ശരീരോഷ്മാവ് അനുവദനീയമായ പരിധിയാണെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ മാര്‍ക്കറ്റിലേക്ക് തൊഴിലാളികളുള്‍പ്പെടെയുളള ആളുകളെ പ്രവേശിപ്പിക്കാവൂ. വൈകീട്ട് 6 വരെ മാത്രമേ റീട്ടെയില്‍ കച്ചവടം അനുവദിക്കൂ. മാര്‍ക്കറ്റ് നിത്യവും വൈകീട്ട് 6 ന് ശേഷം ഫയര്‍ഫോഴ്സിന്റെ സഹായത്തോടെ അണുവിമുക്താക്കണം. എല്ലാ കടകളിലും സാനിറ്റൈസര്‍ കരുതണം. മാര്‍ക്കറ്റില്‍ കയറുമുമ്പ് എല്ലാവരും കൈകള്‍ അണുവിമുക്താക്കണം. നിര്‍ബന്ധമായും മാസ്‌കും ഗ്ലൗസും ധരിക്കണം. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാത്ത കടകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഞായറാഴ്ചകളില്‍ മാര്‍ക്കറ്റ് തുറക്കുന്നതല്ല. ക്വാറന്റീനില്‍ പോയ മുഴുവന്‍ തൊഴിലാളികളുടെയും ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയതിന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. സര്‍ട്ടിഫിക്കറ്റ് ഉളളവരെ മാത്രമേ ഡ്യൂട്ടിക്ക് നിയോഗിക്കാവൂ. മാര്‍ക്കറ്റിലെ തൊഴിലാളികളുടെയും കടയുടമകളുടെയും കോവിഡ് പരിശോധന പൂര്‍ത്തീകരിക്കണം. സാധനങ്ങള്‍ എടുക്കുന്നതിനായി കടകളില്‍ വരുന്ന കച്ചവടക്കാര്‍ കോവിഡ് പരിശോധന നടത്തി രോഗമില്ലെന്നു ഉറപ്പുവരുത്തണം എന്നിവയാണ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍.