ഓണ വിപണി ലക്ഷ്യമിട്ട് മദ്യശാലകളുടെ പ്രവര്‍ത്തന സമയം കൂട്ടാനുള്ള നീക്കവുമായി ബെവ്‌കോ. പ്രവര്‍ത്തന സമയം രണ്ട് മണിക്കൂര്‍ വരെ വര്‍ധിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഓണക്കാലത്ത് രാവിലെ 9 മണി മുതല്‍ രാത്രി 7മണിവരെ മദ്യശാലകള്‍ തുറക്കാനാണ് തീരുമാനം. ഇതു സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്നാണ് വിവരം. അതേസമയം പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിക്കുന്നത് ബാറുകള്‍ക്ക് ബാധകമാക്കില്ല. ബെവ്‌കോയ്‌ക്കൊപ്പം കണ്‍സ്യൂമര്‍ ഫെഡ് മദ്യശാലകളും ഏഴ് മണി വരെ തുറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ബാറുകള്‍ പതിവ് പോലെ രാവിലെ 9 മണിക്ക് തുറന്ന് വൈകിട്ട് 5 ന് അടയ്ക്കും.
ബെവ്‌കോയില്‍ എത്തുന്നവരില്‍ ഏറിയ പങ്കും സാധാരണക്കാരാണ്. എന്നാല്‍ ഇവര്‍ ജോലി കഴിഞ്ഞ് എത്തുമ്പോഴേക്കും മദ്യശാല അടയ്ക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതും ഓണക്കാലത്തെ തിരക്കും പരിഗണിച്ച് പ്രവര്‍ത്തന സമയം കൂട്ടണമെന്ന ആവശ്യമാണ് ബെവ്‌കോ സര്‍ക്കാരിനു മുന്നില്‍ വച്ചത്. പ്രവര്‍ത്തന സമയം നീട്ടിയാല്‍ ഓരോ ഔട്ട് ലെറ്റുകളിലും 200 പേര്‍ക്കു വരെ പ്രതിദിനം മദ്യം നല്‍കാനാകുമെന്നാണ് കണക്കുകൂട്ടല്‍. എന്നാല്‍ സമയക്രമം നീട്ടുന്നതനുസരിച്ച് ബെവ്ക്യൂ ആപ്പിലെ ബുക്കിംഗ് സമയത്തിലും മാറ്റം വരുത്തിയേക്കും.