കളഞ്ഞുകിട്ടിയ തുക പോലീസിനെ ഏല്‍പ്പിച്ച് യു.കെ.ജി വിദ്യാര്‍ത്ഥി നാടിന് മാതൃകയായി.

Advertisement

Advertisement

കളഞ്ഞുകിട്ടിയ തുക ചാലിശ്ശേരി ജനമൈത്രി പോലീസിനെ ഏല്‍പ്പിച്ച് യു.കെ.ജി വിദ്യാര്‍ത്ഥി നാടിന് മാതൃകയായി. പെരുമണ്ണൂര്‍ മണ്ടുംമ്പാല്‍ വീട്ടില്‍ ജോയ് – സുമ ദമ്പതികളുടെ മൂന്ന് മക്കളില്‍ രണ്ടാമനായ എബ്‌നൈസറാണ് ചെറുപ്രായത്തില്‍ നന്മ മനസ്സിനുടമയായത്. കവുക്കോട് എം.എം.എ എല്‍.പി സ്‌കൂള്‍ വിദ്യാര്‍ത്ഥി ഓണ്‍ലൈന്‍ ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് റോഡില്‍ രൂപ കിടക്കുന്നത് കണ്ടത്. ഓടിയെത്തിയ കുരുന്ന് രൂപയുടെ കാര്യം അമ്മയെ അറിയിച്ചു. തുടര്‍ന്ന് അമ്മയുടെ നിര്‍ദ്ദേശപ്രകാരം റോഡില്‍ നിന്ന് മകന്‍ രൂപയെടുത്ത് പിതാവിനെ ഏല്‍പ്പിക്കുകയായിരുന്നു. ചാലിശ്ശേരി സെന്ററിലെ പച്ചക്കറി കടയിലെ ജീവനക്കാരനായ പിതാവ് വിവരം ജനമൈത്രി ബീറ്റ് ഓഫീസര്‍മാരായ ശ്രീകുമാര്‍, രതീഷ് എന്നിവരെ അറിയിച്ചു. കളഞ്ഞ് കിട്ടിയ അയ്യായിരം രൂപ പോലീസ് എസ്.എച്ച്.ഒ എ. പ്രതാപിനെ ഏല്‍പ്പിച്ചു. ഗ്രാമത്തിന് മാതൃകയായ എബിനൈസറിനെ ചാലിശ്ശേരി ജനമൈത്രി ബീറ്റ് ഓഫീസര്‍മാര്‍ വീട്ടിലെത്തി ആദരിച്ചു. വാര്‍ഡ് മെമ്പര്‍ സജിത, ജനമൈത്രി ബീറ്റ് ഓഫീസര്‍മാരായ ശ്രീകുമാര്‍, രതീഷ്, സിവില്‍ പോലീസ് ഓഫീസര്‍ നിഷാദ്, സന്നദ്ധ പ്രവര്‍ത്തകന്‍ സുനില്‍ മാവുങ്ങല്‍ എന്നിവര്‍ ചേര്‍ന്ന് കളിപ്പാട്ടങ്ങളും, മിഠായിയും ഉള്‍പ്പടെ ഉപഹാരങ്ങള്‍ നല്‍കി.