Advertisement

Advertisement

കൊറോണ വൈറസ് വ്യാപനത്തിന്റെ ആശങ്കകള്‍ക്കിടയിലും പതിവ് തെറ്റിക്കാതെ ഗുരുവായൂരപ്പന് സമര്‍പ്പിക്കാനുള്ള കാഴ്ചക്കുലകളെത്തി. ലക്ഷണമൊത്ത സ്വര്‍ണ്ണ വര്‍ണ്ണത്തിലുള്ള ചെങ്ങാലിക്കോടന്‍ കാഴ്ച്ചക്കുലകളാണ് ചൂണ്ടല്‍ സെന്ററിലെ പി.കെ.അബ്ദുള്‍ ലത്തീഫിന്റെ കടയിലെത്തിയിരിക്കുന്നത്. ഓണാഘോഷത്തിലെ പ്രധാന ചടങ്ങുകളിലൊന്നാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കണ്ണന് കാഴ്ച്ചക്കുല സമര്‍പ്പിക്കുന്നത്. സമൂഹത്തിന്റെ ഉന്നതശ്രേണിയിലുള്ളവര്‍ മുതല്‍ സാധാരണക്കാരന്‍ വരെ തങ്ങള്‍ക്കാകുന്ന വിധത്തില്‍ കാഴ്ച്ചക്കുല സമര്‍പ്പണത്തില്‍ ഭാഗവാക്കാകാറുണ്ട്. മേഖലയില്‍ മികച്ച കാഴ്ച്ചക്കുലകള്‍ എത്തുന്ന പ്രധാന കേന്ദ്രമാണ് ചൂണ്ടല്‍. കഴിഞ്ഞ നാലര പതിറ്റാണ്ടായി പഴം കച്ചവടം നടത്തുന്ന കുഞ്ഞുമോനും, അദ്ദേഹത്തിന്റെ മരണ ശേഷം വ്യാപാരം ഏറ്റെടുത്ത മക്കളായ ലത്തീഫും നൗഷാദുമാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലേക്കുള്ള കാഴ്ച്ചക്കുലകള്‍ വില്‍പ്പനക്കെത്തിക്കുന്നത്. ആളൂര്‍, കൈപ്പറമ്പ്,പുത്തൂര്‍, മുണ്ടത്തിക്കോട്, വേലൂര്‍ തുടങ്ങിയ മേഖലകളില്‍ നിന്നാണ് പ്രധാനമായും മികച്ച ചെങ്ങാലിക്കോടന്‍ കാഴ്ച്ചക്കുലകള്‍ എത്തുന്നത്. കഴിഞ്ഞ വര്‍ഷങ്ങളിലുണ്ടായ പ്രളയങ്ങളും, ഈ വര്‍ഷത്തെ കോവിഡ് വ്യാപനവും കാഴ്ച്ചക്കുല വിപണിയെ ബാധിച്ചിട്ടുണ്ടെങ്കിലും, മികച്ച കുലകള്‍ കൂടിയ തുകയ്ക്ക് വാങ്ങി ഇഷ്ട ദൈവത്തിന് മുന്നില്‍ സമര്‍പ്പിക്കാനിപ്പോഴും ആളുകളുണ്ട്.