കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ വായ്പകള്‍ക്ക് ഏര്‍പ്പെടുത്തിയ മൊറട്ടോറിയം കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍. കാര്‍ഷിക കടം ഉള്‍പ്പെടെയുള്ള വായ്പകള്‍ക്കുള്ള മൊറട്ടോറിയം ആറു മാസത്തേയ്ക്ക് കൂടി നീട്ടണമെന്ന് മന്ത്രി വി.എസ്.സുനില്‍കുമാര്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി റിസര്‍വ് ബാങ്കിനും കേന്ദ്ര സര്‍ക്കാരിനും കത്ത് അയക്കുമെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ വായ്പകള്‍ക്ക് ഏര്‍പ്പെടുത്തിയ മൊറട്ടോറിയം കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് സംസ്ഥാനത്തിന്റെ നീക്കം. മൊറട്ടോറിയം നീട്ടുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അടുത്ത മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച ചെയ്യും. രണ്ട് തവണകളായാണ് ആറ് മാസത്തെ മൊറട്ടോറിയം നേരത്തെ ഏര്‍പ്പെടുത്തിയത്. ഓഗസ്റ്റ് 31 ഓടെ മൊറട്ടോറിയ കാലാവധി അവസാനിക്കും. മൊറട്ടോറിയം നീട്ടിയില്ലെങ്കില്‍ സെപ്റ്റംബര്‍ ഒന്ന് മുതല്‍ വായ്പകള്‍ പലിശ സഹിതം തിരിച്ചടക്കേണ്ടിവരും.അതേസമയം, ഒരു വര്‍ഷത്തേക്ക് കാര്‍ഷിക-കാര്‍ഷികേതര വായ്പകളില്‍ ജപ്തി ഉണ്ടാവില്ലെന്ന് മാര്‍ച്ചില്‍ അറിയിച്ചിരുന്നു. കര്‍ഷകരുടെ എല്ലാ വായ്പകളില്‍ ഒരു വര്‍ഷത്തേക്ക് സര്‍ഫാസി ചുമത്തില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.