ഗുരുവായൂര്‍ ക്ഷേത്രത്തിനകത്തേക്ക് നിയന്ത്രണങ്ങളോടെ ഭക്തരെ പ്രവേശിപ്പിക്കാന്‍ ദേവസ്വം തീരുമാനം

Advertisement

Advertisement

ഗുരുവായൂര്‍ ക്ഷേത്രത്തിനകത്തേക്ക് നിയന്ത്രണങ്ങളോടെ ഭക്തരെ പ്രവേശിപ്പിക്കാന്‍ ദേവസ്വം ഭരണസമിതിയോഗം തീരുമാനിച്ചു.അടുത്തമാസം 10 മുതല്‍ വെര്‍ച്ചല്‍ ക്യൂ വഴി പ്രതിദിനം ആയിരം പേര്‍ക്ക് ദര്‍ശനത്തിനാണ് അനുമതി നല്‍കിയത്. കൊവിഡ് മൂലം പ്രതിസന്ധിയിലായ മേല്‍ശാന്തി അഭിമുഖം നടത്താനും ദിവസം 60 വിവാങ്ങള്‍ നടത്താനും വാഹന പൂജ പുനരാരംഭിക്കാനും ഭരണസമിതി തീരുമാനിച്ചു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മുന്‍കൂര്‍ ഓണ്‍ലൈന്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് അനുവദിച്ച സമയം പ്രകാരമാണ് ദര്‍ശനത്തിന് അനുവദിക്കുക. ഇതിനുള്ള ബുക്കിംഗ് നാളെ മുതല്‍ ആരംഭിക്കും. വലിയ ബലിക്കല്ലിന് സമീപം നിന്ന് ഗുരുവായൂരപ്പനെ ദര്‍ശിച്ച ശേഷം ചുറ്റമ്പലം വഴി പ്രദക്ഷിണം ചെയ്ത് ഭഗവതി ക്ഷേത്രത്തിന് സമീപമുള്ള വാതില്‍ വഴി പുറത്ത് പോകണം. ഒരു സമയം അമ്പതില്‍ കൂടുതല്‍ പേരെ അനുവദിക്കില്ല. നാലമ്പലത്തിലേക്ക് പ്രവേശനമുണ്ടാകില്ല. തന്ത്രി ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാടുമായി ചര്‍ച്ച ചെയ്ത ശേഷമാണ് തീരുമാനമെടുത്തതെന്ന് ദേവസ്വം ചെയര്‍മാന്‍ അഡ്വ.കെ.ബി.മോഹന്‍ദാസ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. 14ന് രാവിലെ 8.30 മുതല്‍ ശ്രീവത്സം ഗസ്റ്റ്ഹൗസിലാണ് മേല്‍ശാന്തി അഭിമുഖം നടക്കുക. 15ന് ഉച്ചപൂജക്ക് ശേഷം നാലമ്പലത്തില്‍ നറുക്കെടുപ്പും നടക്കും. കാലാവധി പൂര്‍ത്തിയായ കോയ്മ, സെക്യരൂരിറ്റി ഓഫീസര്‍മാര്‍, വനിത സെക്യരിറ്റിക്കാര്‍ എന്നിവരുടെ കാലാവധി സെപ്റ്റംബര്‍ 30വരെ നീട്ടി നല്‍കും. ഈ തസ്തികളിലേക്കും സോപാനം കാവലിലേക്കും അപേക്ഷ സമര്‍പ്പിച്ചവരുടെ കൂടികാഴ്ച 14,15 തിയ്യതികളിലായും നടക്കും. യോഗത്തില്‍ ദേവസ്വം ചെയര്‍മാന്‍ അഡ്വ.കെ.ബി.മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു.