മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അതികായന്‍

Advertisement

Advertisement

മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി(84) അന്തരിച്ചു. ദല്‍ഹി ആര്‍മി റിസര്‍ച്ച്‌ ആന്‍ഡ് റെഫറല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ടാഴ്ച മുമ്ബാണ് പ്രണബ് മുഖര്‍ജി ശസ്ത്രക്രിയയ്ക്ക് വിധേയനായത്. കോവിഡ് ബാധിച്ചതിനു പിന്നാലെ തലച്ചോറില്‍ രക്തം കട്ട പിടിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് മുന്‍ രാഷ്ട്രപതിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. അണുബാധ വ്യാപിച്ചതോടെ ഇന്നലെ മുതല്‍ നില വഷളായി.മസ്തിഷ്‌ക ശസ്ത്രക്രിയയെ തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമായപ്പോഴാണ് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.

മകന്‍ അഭിജിത് മുഖര്‍ജിയാണ് പ്രണബിന്റെ മരണം ട്വിറ്ററിലൂടെഅറിയിച്ചത്. വൈകുന്നേരം അഞ്ചരയോടെയാണ് അന്ത്യം. ഭാരതരത്‌ന നല്‍കി രാജ്യം ആദരിച്ച പ്രണബ് ഇന്ത്യയുടെ 13 ാം രാഷ്ട്രപതിയായിരുന്നു.

ഇന്ദിരാ ഗാന്ധി ദേശീയ രാഷ്ട്രീയത്തിലെത്തിച്ച പ്രണബ് കേന്ദ്രമന്ത്രി, ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷന്‍, രാജ്യസഭാ അധ്യക്ഷന്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. ബംഗാളില്‍ നിന്ന് ഇന്ത്യന്‍ രാഷ്ട്രപതിയാകുന്ന ആദ്യ വ്യക്തിയാണ് പ്രണബ്.

1935 ഡിസംബര്‍ 11ന് ബംഗാളിലെ ബീര്‍ഭൂം ജില്ലയിലെ മീറഠി ഗ്രാമത്തിലാണ് ജനനം. സ്വാതന്ത്ര്യസമര സേനാനിയായിരുന്ന കമദകിങ്കര്‍ മുഖര്‍ജിയുടെയും രാജ്ലക്ഷ്മി മുഖര്‍ജിയുടെയും ഇളയ മകന്‍. സുരി വിദ്യാസാഗര്‍ കോളജിലും കൊല്‍ക്കത്ത സര്‍വകലാശാലയിലുമായിരുന്നു പഠനം.

തപാല്‍ വകുപ്പില്‍ യുഡി ക്ലര്‍ക്കായാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. പിന്നീട് കോളജ് അധ്യാപകനായി. കുറച്ചുകാലം പത്രപ്രവര്‍ത്തകനുമായിരുന്നു. വി.കെ. കൃഷ്ണ മേനോന്റെ തിരഞ്ഞെടുപ്പു പ്രചാരണച്ചുമതലയില്‍ കാട്ടിയ കാര്യക്ഷമത ശ്രദ്ധിച്ച ഇന്ദിരാഗാന്ധിയാണ് പ്രണബിനെ ദേശീയ രാഷ്ട്രീയത്തിലേക്കു കൈപിടിച്ചെത്തിച്ചത്. 1969 ല്‍ ഇന്ദിര പ്രണബിനെ രാജ്യസഭാംഗമാക്കി. 73 ലെ ഇന്ദിര മന്ത്രിസഭയില്‍ അംഗവുമായി.

2012ലാണ് പ്രണബ് മുഖര്‍ജി രാഷ്ട്രപതിയായത്. രാഷ്ട്രപതിയുടെ കാലാവധി അവസാനിച്ച ശേഷം 2018ല്‍ നാഗ്പൂരിലെ ആര്‍എസ്‌എസ് ആസ്ഥാനം സന്ദര്‍ശിച്ച്‌ അദേഹം സന്ദേശം നല്‍കിയിരുന്നു