ഇന്ത്യയുടെ പതിമൂന്നാമത് രാഷ്ട്രപതിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളിലൊരാളും മികച്ച പാര്‍ലമെന്റേറിയനുമായ പ്രണബ് കുമാര്‍ മുഖര്‍ജി വിടവാങ്ങുമ്ബോള്‍ ഓര്‍മ്മയാകുന്നത് സംശുദ്ധ രാഷ്ട്രീയത്തിന്റെ മുഖം കൂടിയാണ്.
1935 ഡിസംബര്‍ 11 ന്, അവിഭക്ത ഇന്ത്യയിലെ ബംഗാള്‍ പ്രസിഡന്‍സിയില്‍ ഭിര്‍ഭും ജില്ലയിലെ മിറാഠിയില്‍, സ്വാതന്ത്ര്യ സമര നേതാവായിരുന്ന കാമദാ കിങ്കര്‍ മുഖര്‍ജിയുടെയും രാജലക്ഷ്മി മുഖര്‍ജിയുടെയും മകനായാണ് ജനനം. പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദവും കല്‍ക്കത്ത സര്‍വകലാശാലയില്‍ നിന്ന് നിയമ ബിരുദവും നേടി. പിന്നീട് കമ്ബിത്തപാല്‍ വകുപ്പില്‍ ഗുമസ്തനായി ചേര്‍ന്നു. 1963 ല്‍ അദ്ദേഹം കല്‍ക്കത്തയിലെ വിദ്യാനഗര്‍ കോളേജില്‍ അധ്യാപകനായും സേവനം അനുഷ്ടിച്ചു . ദേശേര്‍ ദേക് എന്ന പ്രാദേശിക പത്രത്തിന്റെ ലേഖകനായും കുറച്ചുകാലം പ്രവര്‍ത്തിച്ചു.
1969 ല്‍ വികെ കൃഷ്ണമേനോന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചുകൊണ്ടായിരുന്നു രാഷ്ട്രീയ രംഗത്തേക്ക് പ്രണബ് മുഖര്‍ജിയുടെ കടന്നുവരവ്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനമികവ് കണ്ട് ഇന്ദിരാഗാന്ധി പാര്‍ട്ടിയിലേക്ക് ക്ഷണിക്കുകയായിരുന്നു, അക്കൊല്ലം ജൂലായില്‍ രാജ്യസഭയിലേക്ക് പ്രണബ് നോമിനേറ്റ് ചെയ്യപ്പെട്ടു. പിന്നീട് 1975,1981,1993,1999 എന്നീ വര്‍ഷങ്ങളിലും പ്രണബ് രാജ്യസഭയിലെത്തി.
കോണ്‍ഗ്രസ് വൃത്തങ്ങളില്‍ പ്രണബിനെ ‘മാന്‍ ഓഫ് ഓള്‍ സീസണ്‍സ്’ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. 1973 ലെ ഇന്ദിരാ ഗവണ്‍മെന്റില്‍ പ്രണബ് യൂണിയന്‍ ഡെപ്യൂട്ടി മിനിസ്റ്റര്‍ ഓഫ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് പദവി വഹിച്ചു. ഇന്ദിരാഗാന്ധിയുടെ സ്വന്തം ആളെന്ന നിലയില്‍ അടിയന്തരാവസ്ഥ കാലത്തെ ആരോപണങ്ങള്‍ പ്രണബിന് നേര്‍ക്കും നീണ്ടു. അടിയന്തരാവസ്ഥക്ക് ശേഷം ഇന്ദിരാഗാന്ധി വീണ്ടും പ്രധാനമന്ത്രിയായപ്പോള്‍ പ്രണബ് ധനമന്ത്രിയായി സ്ഥാനമേറ്റു
മന്‍മോഹന്‍ സിംഗിനെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ആയി നിയമിച്ചത് അന്ന് ധനമന്ത്രി ആയിരുന്ന പ്രണബ് മുഖര്‍ജിയുടെ ശുപാര്‍ശയിലായിരുന്നു എന്നതും ചരിത്രം. എന്നാല്‍ ഇന്ദിരാഗാന്ധി കൊല്ലപ്പെട്ട ശേഷം പ്രണബിന് പാര്‍ട്ടിയില്‍ നിന്ന് തന്നെ എതിര്‍പ്പ് നേരിട്ടിരുന്നു. രാജീവ് ഗാന്ധിക്കും അദ്ദേഹം അനഭിമതനായി മാറി. ഇതിനെത്തുടര്‍ന്ന് പ്രണബ് മുഖര്‍ജി ഡല്‍ഹിയിലെ അധികാര കേന്ദ്രങ്ങളില്‍ നിന്നും മാറിനില്‍ക്കേണ്ടി വന്നു. ബംഗാള്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷനാക്കി ഒതുക്കാനും ഡല്‍ഹി വൃത്തങ്ങള്‍ ശ്രമിച്ചു. പിന്നീട് ഇലസ്ട്രേറ്റഡ് വീക്കിലിയിലെ വിവാദ അഭിമുഖത്തിന്റെ പേരില്‍ പ്രണബിനെ രാജീവ് ഗാന്ധി കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. .
പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടതിനെത്തുടര്‍ന്ന് രാഷ്ട്രീയ സമാജ്‌വാദി കോണ്‍ഗ്രസ്. എന്ന പാര്‍ട്ടിക്ക് അദ്ദേഹം രൂപംകൊടുത്തു. കോണ്‍ഗ്രസിലെ അസംതൃപ്തരായ മറ്റ് നേതാക്കളും പ്രണബിനൊപ്പം ചേര്‍ന്നു. എന്നാല്‍ 1987 ലെ ബംഗാള്‍ തിരഞ്ഞെടുപ്പില്‍ അവര്‍ക്ക് ഒരു സീറ്റ് പോലും കിട്ടിയില്ല. പിന്നീട് രാജീവിനും പ്രണബിനുമിടയില്‍ ഉണ്ടായിരുന്ന പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍ ഒറീസയിലെ കോണ്‍ഗ്രസ് നേതാവായ സന്തോഷ് മോഹന്‍ ദേവും, ഡല്‍ഹിയിലെ വനിതാ നേതാവായ ഷീല ദീക്ഷിത്തും ഇടപെട്ടു. 1988 ല്‍ ത്രിപുര തിരഞ്ഞെടുപ്പിന്റെ പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു കൊണ്ട് പ്രണബ് കോണ്‍ഗ്രസില്‍ തിരിച്ചെത്തി എങ്കിലും, രാജീവിന്റെ കാലത്ത് അദ്ദേഹത്തിന് വലിയ പദവികളൊന്നും കൊടുത്തില്ല.
1991ല്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പെരുംപത്തൂരില്‍ ബോംബ് സ്ഫോടനത്തില്‍ രാജീവ് ഗാന്ധി കൊല്ലപ്പെട്ട ശേഷം പ്രധാനമന്ത്രിയായത് പ്രണബിന്റെ പഴയകാല സ്‌നേഹിതന്‍ കൂടി ആയിരുന്ന പി.വി. നരസിംഹ റാവു ആയിരുന്നു എന്നാല്‍ നരസിംഹറാവു മന്ത്രിസഭയില്‍ അദ്ദേഹത്തിന് ഇടംനേടാന്‍ കഴിഞ്ഞില്ല. പക്ഷേ നരസിംഹറാവു പ്രണബ് മുഖര്‍ജിയെ പ്ലാനിംഗ് കമ്മീഷന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ ആയി നിയമിച്ചു.. 2004 ല്‍ ഒന്നാം യു..പിഎ സര്‍ക്കാര്‍ വന്നപ്പോള്‍ പ്രണബിന് കാബിനറ്റില്‍ പ്രതിരോധമന്ത്രി പദം നല്‍കപ്പെട്ടു. ആദ്യം പ്രതിരോധ മന്ത്രിയായും, പിന്നീട് വിദേശകാര്യ മന്ത്രിയായും പ്രണബ് മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചു.
2007 ല്‍ ഇടതുപക്ഷമാണ് ആദ്യമായി പ്രണബിന്റെ പേര് രാഷ്ട്രപതി പദത്തിലേക്ക് നിര്‍ദേശിക്കുന്നത്. അന്ന് അത് നടന്നില്ല. എന്നാല്‍, 2012 ല്‍ പതിമൂന്നാമത്തെ രാഷ്ട്രപതിയായി പ്രണബ് മുഖര്‍ജി തിരഞ്ഞെടുക്കപ്പെട്ടു. അജ്മല്‍ കസബ്, യാക്കൂബ് മേമന്‍, അഫ്‌സല്‍ ഗുരു തുടങ്ങി വര്‍ഷങ്ങളായി കെട്ടിക്കിടന്ന 24 ദയാഹര്‍ജികള്‍ പ്രണബ് മുഖര്‍ജി തന്റെ കാലത്ത് നിരസിച്ചു. അദ്ദേഹത്തിന്റെ കാലത്താണ് 2013 ലെ ക്രിമിനല്‍ ലോ അമെന്‍ഡ്‌മെന്റ് നടപ്പാവുന്നത്.
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായിരുന്ന ഡെന്‍ സിയാവോ പെങ്ങിന്റെ കടുത്ത ആരാധകനായിരുന്നു പ്രണബ് മുഖര്‍ജി. പ്രണബിന്റെ ഡയറിക്കുറിപ്പുകള്‍ ആസ്പദമാക്കിയുള്ള ആത്മകഥയുടെ രണ്ടു ഭാഗങ്ങള്‍ പുറത്തുവന്നിരുന്നു.
തലച്ചോറിലെ ന്ന ശസ്ത്രക്രിയക്ക് മുന്നോടിയായി നടന്ന പരിശോധനയിലാണ് പ്രണബിന് കൊവിഡ് സ്ഥിരീകരിക്കപ്പെടുന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം വെന്റിലേറ്ററിലേക്ക് മാറ്റിയ അദ്ദേഹത്തിന്റെ ആരോഗ്യം പിന്നെയും മോശമാവുകയായിരുന്നു. ധനമന്ത്രിയായ കാലയളവില്‍ പ്രണബ് മുഖര്‍ജി ഏഴു ബജറ്റുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. 2008 ല്‍ പത്മ വിഭൂഷണും 2019 ല്‍ ഭാരത് രത്‌നയും നേടി.