Advertisement

Advertisement

ജെ.ഇ.ഇ മെയിന്‍ പരീക്ഷകള്‍ക്ക് ഇന്ന് തുടക്കമാകും. 660 കേന്ദ്രങ്ങളിലായി എട്ടര ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതും. 13 പ്രധാന പരീക്ഷാ കേന്ദ്രങ്ങളാണ് കേരളത്തിലുള്ളത്. ഈ മാസം ആറിന് പരീക്ഷ അവസാനിക്കും. സെപ്റ്റംബര്‍ 13 മുതലാണ് നീറ്റ് പരീക്ഷ. കോവിഡിന്റെയും ലോക്ക് ഡൗണിന്റെയും പശ്ചാതലത്തില്‍ പരീക്ഷകള്‍ മാറ്റിവെക്കണമെന്ന ഹര്‍ജികള്‍ നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു. മഹാമാരിയുടെ പശ്ചാതലത്തില്‍ പരീക്ഷ നടത്തുന്നത് അപകടകരമാണെന്ന് ബി.ജെ.പി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന ആറ് സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍ വെള്ളിയാഴ്ച്ച കോടതിയെ അറിയിക്കുകയുണ്ടായി. എന്നാല്‍ പരീക്ഷ നടത്താന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിച്ചതായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി കോടതിയെ അറിയിക്കുകയായിരുന്നു. കോവിഡ് കാരണം നേരത്തെ രണ്ടു തവണ ജെ.ഇ.ഇ മാറ്റി വെച്ചിരുന്നു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും പരീക്ഷാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുകയെന്ന് എന്‍.ടി.എ ഡയറക്ടര്‍ വിനീത് ജോഷി ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. 12 മുതല്‍ 24 വരെ പരീക്ഷാര്‍ഥികള്‍ മാത്രമേ ഒരു മുറിയില്‍ ഉണ്ടാവുകയുള്ളു. പരീക്ഷാര്‍ഥികള്‍ക്കായി സൗകര്യങ്ങളൊരുക്കി കൊടുക്കണമെന്ന് കേന്ദ്ര വിദ്യഭ്യാസമന്ത്രി രമേശ് പൊക്രിയാല്‍ സംസ്ഥാനങ്ങളോട് അഭ്യര്‍ഥിച്ചു.