അന്തരിച്ച മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ സംസ്‌കാരം ഇന്ന് ഡല്‍ഹിയില്‍ നടക്കും.

Advertisement

Advertisement

അന്തരിച്ച മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ സംസ്‌കാരം ഇന്ന് ഡല്‍ഹിയില്‍ നടക്കും. രാവിലെ ഒന്‍പതോടെ സൈനിക ആശുപത്രിയില്‍നിന്ന് വസതിയിലെത്തിച്ച ഭൗതിക ശരീരം, കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പന്ത്രണ്ടുമണിവരെ പൊതുദര്‍ശനത്തിന് വയ്ക്കും. രണ്ടുമണിക്ക് ലോധിറോഡ് ശ്മശാനത്തില്‍ സംസ്‌കാരം നടക്കുമെന്ന് കുടുംബം അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങളുടെ കര്‍ശന വലയത്തിലായിരിക്കും അരനൂറ്റാണ്ടിലേറെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വിവിധവേഷങ്ങളില്‍ തിളങ്ങിയ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ സംസ്‌കാരം. രാജാജി മാര്‍ഗിലെ പത്താം നമ്പര്‍ ഔദ്യോഗിക വസതിയിലേക്ക് പ്രണബിന്റെ ഭൗതിക ശരീരം അവസാനമായി എത്തിക്കും. മുന്‍ രാഷ്ട്രപതി എപിജെ അബ്ദുല്‍കലാമും ഇതേവീട്ടിലാണ് പദവി ഒഴിഞ്ഞശേഷം താമസിച്ചിരുന്നത്. 11 മണിവരെ വിശിഷ്ട വ്യക്തികള്‍ അന്തിമോപചാരം അര്‍പ്പിക്കും. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാര്‍ , കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, ഉള്‍പ്പെടെ എത്തിയേക്കും. പൊതുജനങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ഒരുമണിക്കൂര്‍ സമയം നല്‍കിയേക്കും. കോവിഡ് നിയന്ത്രണ പശ്ചാത്തലത്തില്‍ തുറന്നവാഹനത്തില്‍ വിലാപയാത്ര ഉണ്ടാകില്ലെന്നാണ് സൂചന. രാജ്യത്ത് ഏഴുദിവസത്തെ ദുഖാചരണം ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ബംഗാളില്‍ ഇന്ന് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധിനല്‍കി. ഡല്‍ഹിയിലെ സൈനിക ആശുപത്രിയില്‍ ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു പ്രണബ് മുഖര്‍ജിയുടെ അന്ത്യം. തലച്ചോറില്‍ രക്തംകട്ടപിടിച്ചതിനെ തുടര്‍ന്ന് ഈ മാസം പത്തിന് ആശുപത്രിയിലാകുന്നതിനു മുന്‍പുള്ള പരിശോധനയില്‍ അദ്ദേഹത്തിന് കോവിഡും സ്ഥിരീകരിച്ചിരുന്നു. ശ്വാസകോശത്തില്‍ അണുബാധയുണ്ടായതോടെ ആരോഗ്യനില വഷളാവുകയായിരുന്നു.