Advertisement

Advertisement

പുന്നയൂര്‍ പഞ്ചായത്ത് 18-ാം വാര്‍ഡിലെ ഭൂമിക്ക് കൈവശ രേഖ നല്‍കാത്തത്തില്‍ പ്രതിഷേധിച്ച് വാര്‍ഡ് മെമ്പര്‍ രാജേഷ് മച്ചിങ്ങല്‍ പുന്നയൂര്‍ വില്ലേജ് ഓഫീസിനകത്ത് നടത്തുന്ന നില്‍പ്പ് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സി പി ഐ എം പുന്നയൂര്‍ നോര്‍ത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഭൂ ഉടമകള്‍ വില്ലേജ് ഓഫീസിനു മുന്‍പില്‍ നില്‍പ്പ് സമരം നടത്തി. 120 ഓളം ആളുകളില്‍ 55 ഓളം കുടുംബങ്ങള്‍ക്ക് മാത്രമാണ് പട്ടയം കിട്ടിയിട്ടുള്ളത്. ബാക്കിയുള്ള പലര്‍ക്കും നികുതി അടക്കുവാന്‍ പോലും കഴിയുന്നില്ല എന്നാണ് സമരക്കാര്‍ ആരോപിക്കുന്നത്. കുടുബങ്ങളെ കഷ്ടത്തിലാക്കുന്ന അധികാരികളുടെ ദാര്‍ഷ്ട്യ മനോഭാവത്തില്‍ പ്രതിഷേധിച്ചാണ് വാര്‍ഡ് മെമ്പര്‍ പുന്നയൂര്‍ വില്ലേജ് ഓഫീസറുടെ ചേംബറിനകത്തു പ്രതിഷേധ നില്‍പ്പ് സമരം നടത്തിയത്. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വില്ലേജ് ഓഫീസിനു മുന്‍പില്‍ ഭൂ ഉടമകളുടെ നേതൃത്വത്തിലും നില്‍പ്പ് സമരം നടത്തി. വെള്ളിയാഴ്ച കാലത്ത് നടത്തിയ നില്‍പ്പ് സമരം ചാവക്കാട് ഏരിയ ലോക്കല്‍ കമ്മറ്റി അംഗം ടി വി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പുന്നയൂര്‍ നോര്‍ത്ത് ലോക്കല്‍ കമ്മറ്റി സെക്രട്ടറി വി ഷെമീര്‍ അധ്യക്ഷനായിരുന്നു. സദാനന്ദന്‍ , പുന്നയൂര്‍ പഞ്ചായത്ത് മെമ്പര്‍ സുഹറ ബക്കര്‍, എന്‍ കെ ഗോപി, കെ അബ്ദുള്ളകുട്ടി, ഭൂ ഉടമകളും പങ്കെടുത്തു.