സ്പെഷ്യല്‍ മാര്യേജ്: സ്വകാര്യ വിവരങ്ങള്‍ പരസ്യപ്പെടുത്തുന്നതിനെതിരെ ഹര്‍ജി.

Advertisement

Advertisement

പ്രത്യേക വിവാഹ നിയമപ്രകാരം(സ്‌പെഷ്യല്‍ മാര്യേജ്) രജിസ്റ്റര്‍ ചെയ്യുന്ന ദമ്പതിമാരുടെ സ്വകാര്യ വിവരങ്ങള്‍ നോട്ടീസായി പ്രദര്‍ശിപ്പിച്ച് അന്വേഷണം നടത്തണമെന്ന വകുപ്പുകള്‍ ചോദ്യംചെയ്ത് സുപ്രീംകോടതിയില്‍ ഹര്‍ജി. കൊച്ചിയിലെ നിയമവിദ്യാര്‍ഥിനി നന്ദിനി പ്രവീണ്‍ ആണ് പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്. നിയമം സ്വകാര്യതയുടെ ലംഘനമാണെന്നും മിശ്രവിവാഹ കേസുകളിലും മറ്റും ദുരഭിമാനക്കൊലപോലുള്ള സംഭവങ്ങള്‍ക്ക് ഇത് വഴിവെച്ചേക്കുമെന്ന ആശങ്കയും ഹര്‍ജിയില്‍ ഉന്നയിച്ചു. സ്വകാര്യതയ്ക്ക് പുറമേ പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ക്ക് വിവാഹം കഴിക്കാനുള്ള അവകാശം കൂടി ലംഘിക്കപ്പെടുന്നതായി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിവാഹിതരാകുന്നവരിടെ പേര്, ജനനത്തീയതി, വയസ്സ്, ജോലി, മാതാപിതാക്കളുടെ പേരുവിവരം, തിരിച്ചറിയല്‍ വിവരം, ഫോണ്‍ നമ്പര്‍ തുടങ്ങിയവ നോട്ടീസ് ആയി പ്രദര്‍ശിപ്പിക്കണമെന്നാണ് നിയമത്തില്‍ പറയുന്നത്. പബ്ലിക് നോട്ടീസിന്റെ അടിസ്ഥാനത്തില്‍ ആര്‍ക്കുവേണമെങ്കിലും വിവാഹത്തിന് എതിര്‍പ്പ് ഉന്നയിക്കാമെന്ന് നിയമത്തില്‍ പറയുന്നു. അത്തരം എതിര്‍പ്പുകള്‍ സംബന്ധിച്ച് അന്വേഷണം നടത്താന്‍ മാര്യേജ് ഓഫീസര്‍ക്ക് അധികാരമുണ്ടെന്നാണ് പുതിയ നിയമപ്രകാരം പറയുന്നത്.

നിയമത്തിലെ ആറ് (രണ്ട്), ഏഴ്, എട്ട്, പത്ത് വകുപ്പുകള്‍ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ദമ്പതിമാരുടെ വിവരങ്ങള്‍ മാര്യേജ് ഓഫീസറുടെ ഓഫീസില്‍ പ്രദര്‍ശിപ്പിക്കണമെന്നുപറയുന്ന ആറ് (മൂന്ന്) വകുപ്പും അന്വേഷണം നടത്തണമെന്ന് പറയുന്ന ഒമ്പതാം വകുപ്പും ഭാഗികമായി റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.