റിട്ടയേര്‍ഡ് അദ്ധ്യാപകനും എഴുത്തുകാരനുമായ ശങ്കരന്‍ നമ്പൂതിരി മാസ്റ്ററെ ആദരിച്ചു.

Advertisement

Advertisement

അദ്ധ്യാപകദിനത്തില്‍ ചാലിശ്ശേരി ഗ്രാമപഞ്ചായത്തിലെ റിട്ടയേര്‍ഡ് അദ്ധ്യാപകനും എഴുത്തുകാരനുമായ ശങ്കരന്‍ നമ്പൂതിരി മാസ്റ്ററെ ആദരിച്ചു. പഴയകാല മലയാളം അദ്ധ്യാപകന്‍ ഗ്രാമവാസികളുടെ സ്‌നേഹനിധിയായ ശങ്കരന്‍ നമ്പൂതിരി മാസ്റ്ററെ വീട്ടിലെത്തിയാണ് പഞ്ചായത്ത് പ്രസിഡന്റ് അക്ബര്‍ ഫൈസല്‍ പൊന്നാട അണിയിച്ച് ആദരിച്ചത്.കവുക്കോട് കുന്നത്ത് മനയിലെ ശങ്കരന്‍ നമ്പൂതിരി മാസ്റ്ററെ അറിയാത്തവര്‍ ഗ്രാമത്തില്‍ വിരളമാണ്. വൈകുന്നേരങ്ങളില്‍ പതിവായി വായനശാലയില്‍ എത്തുന്ന മാഷുടെ സാന്നിധ്യവും പതിവ് കാഴ്ചയാണ്. ആരെ കണ്ടാലും നിഷ്‌കളങ്കമായ ചിരിയോടെ കുശലന്വേഷണം നടത്തും. യാത്രയിലുടനീളം പരിചയപ്പെടുന്നവരുമായി പ്രായ വ്യത്യാസം കൂടാതെ ഷെയ്ക്കാന്‍ഡ് നല്‍കുന്ന ശങ്കരമാഷുടെ സൗഹൃദവും , സ്‌നേഹവും ഹൃദയബന്ധങ്ങളെക്കാള്‍ അപ്പുറമാണ്.മലപ്പുറം വട്ടംകുളം സി.പി.എന്‍.യു.പി. സ്‌കൂളിലെ മലയാള അദ്ധ്യാപകനായി നീണ്ട ഇരുപത്തിയെട്ട് വര്‍ഷത്തെ സേവനത്തിനുശേഷം 2004 ല്‍ വിരമിച്ചു.അദ്ധ്യാപക ജീവിതത്തിനൊടൊപ്പം തന്നെ എഴുത്തിലും പൊതുരംഗത്തും സജീവമായി. 1992 ല്‍ ആദ്യമായി കുട്ടികള്‍ക്കായി ബാലസാഹിത്യം പുസ്തകം എഴുത്തി ശ്രദ്ധേയമായി.മുഖാമുഖം നോവലിന് 2005 ല്‍ യുവകലാസാഹിതി കേസരി പുരസ്‌ക്കാരം ലഭിച്ചത് ഗ്രാമത്തിനഭിമാനമായ അംഗീകാരമായി. 2012 ല്‍ വിശ്വാസവും യുക്തി ചിന്തയും എന്ന ലേഖനം സ്വകാര്യ ബുക്ക്‌സ് പ്രസിദ്ധീകരിച്ചു.എഴുപത്തിയൊന്നാം വയസ്സിലും മഷി പേന കൊണ്ട് അക്ഷരങ്ങള്‍ കോര്‍ത്തിണക്കി പുതിയ നോവല്‍ എഴുതുന്ന തിരക്കിലാണ് മാസ്റ്റര്‍. വിരമിച്ച ശേഷം പ്രതീക്ഷ ചാരിറ്റബിള്‍ ട്രസ്റ്റിലെ പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. പുതിയ തലമുറയിലെ അധ്യാപകരോട് വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടൊപ്പം ആത്മാര്‍ത്ഥമായ സ്‌നേഹവും നല്‍കിയാല്‍ കൂട്ടികളില്‍ നിന്ന് വലിയ അംഗീകാരം ലഭിക്കുമെന്ന് ശങ്കരന്‍ മാഷ് പറയുന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആനി വിനു ,പഞ്ചായത്തംഗം ടി കെ സുധീഷ്, നിഷാദ് കരിമ്പ എന്നിവര്‍ പങ്കെടുത്തു.