താമരശ്ശേരി രൂപത മുന്‍ അധ്യക്ഷന്‍ ബിഷപ്പ് മാര്‍ പോള്‍ ചിറ്റിലപ്പിള്ളി (86) കാലം ചെയ്തു.

Advertisement

Advertisement

താമരശേരി രൂപത മുന്‍ അധ്യക്ഷന്‍ ബിഷപ് മാര്‍ പോള്‍ ചിറ്റിലപ്പിള്ളി( 86 )കാലം ചെയ്തു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഞായറാഴ്ച വൈകിട്ട് 6.45 നായിരുന്നു അന്ത്യം.1997 ഫെബ്രുവരി 13 മുതല്‍ 13 വര്‍ഷം താമരശേരി രൂപത അധ്യക്ഷനായിരുന്നു. മറ്റത്ത് ചിറ്റിലപ്പിള്ളി കുടുംബത്തില്‍ 1934 ലാണ് മാര്‍ പോള്‍ ചിറ്റിലപ്പിള്ളിയുടെ ജനനം.കോളജ് വിദ്യാഭ്യാസത്തിനു ശേഷം സെമിനാരിയില്‍ ചേര്‍ന്നു.തുടര്‍ന്ന് പഠനത്തിനും ഗവേഷണത്തിനുമായി റോമിലേക്കു പോയി.എട്ടു വര്‍ഷത്തോളം റോമിലുണ്ടായിരുന്നു.1961ല്‍ വൈദികപട്ടം സ്വീകരിച്ചു.കാനന്‍ നിയമത്തില്‍ റോമിലെ ലാറ്ററന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് ഡോക്ടറേറ്റ് നേടിയ ശേഷം നാട്ടില്‍ മടങ്ങിയെത്തി.ആളൂര്‍ പള്ളിയില്‍ അസി . വികാരിയായി അജപാലന ദൗത്യം തുടങ്ങി , വടവാതൂര്‍ സെമിനാരി പ്രഫസര്‍ , തൃശൂര്‍ രൂപത ചാന്‍സലര്‍ , വികാരി ജനറല്‍, തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു.1986ല്‍ മാര്‍പാപ്പ തൃശൂര്‍ സന്ദര്‍ശിച്ചപ്പോള്‍ അതിന്റെ ഒരുക്കങ്ങളുടെ ചുമതലക്കാരന്‍ മാര്‍ ചിറ്റിലപ്പിള്ളിയായിരുന്നു.അദ്ദേഹത്തിന്റെ വിയോഗം സഭയ്ക്ക് പൊതുവായും,ജനനസ്ഥലം എന്നതിലുപരി നാടിനോട് പുലര്‍ത്തിയ പ്രതിബദ്ധത മൂലം മറ്റം നിവാസികള്‍ക്കും തീരാനഷ്ടമായി.

തൃശൂര്‍ അതിരൂപതയിലെ മറ്റം ഇടവകയില്‍ ചിറ്റിലപ്പിള്ളി ചുമ്മാര്‍-കുഞ്ഞായി ദമ്ബതിമാരുടെ എട്ട് മക്കളില്‍ ആറാമനായി 1934 ഫെബ്രുവരി ഏഴിനായിരുന്നു ജനനം. 1951 ല്‍ മറ്റം സെന്റ് ഫ്രാന്‍സീസ് ഹൈസ്‌കൂളില്‍ നിന്ന് എസ്‌എസ്‌എല്‍സി പാസായി. തേവര എസ്‌എച്ച്‌ കോളജില്‍ നിന്ന് ഇന്റര്‍മീഡിയറ്റ് പാസായ ശേഷം 1953 ല്‍ സെമിനാരിയില്‍ ചേര്‍ന്നു. 1958 ല്‍ മംഗലപ്പുഴ മേജര്‍ സെമിനാരിയില്‍ ചേര്‍ന്നു. 1958 ല്‍ മംഗലപ്പുഴ മേജര്‍ സെമിനാരിയിലെ പഠനത്തിനു ശേഷം തിയോളജി പഠനത്തിനായി റോമിലെ ഉര്‍ബന്‍ യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നു.

1961 ഒക്‌ടോബര്‍ 18ന് മാര്‍ മാത്യു കാവുകാട്ടു പിതാവില്‍ നിന്നു റോമില്‍ വച്ച്‌ പട്ടമേറ്റു. തുടര്‍ന്ന് റോമിലെ ലാറ്ററന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റ് നേടി. 1988 ല്‍ സീറോമലബാര്‍ സഭയുടെ ഭാഗമായി കല്യാണ്‍ രൂപത സ്ഥാപിതമായപ്പോള്‍ ആ രൂപതയുടെ പ്രഥമ മെത്രാനായി നിയോഗിക്കപ്പെട്ടു.