കോവിഡ് ഭേദമാകാന്‍ പ്ലാസ്മ ചികിത്സ സഹായിക്കില്ല; ഐ.സി.എം.ആര്‍ റിപ്പോര്‍ട്ട്

Advertisement

Advertisement

കോവിഡ് രോഗബാധ ഭേദമാകാന്‍ പ്ലാസ്മ ചികിത്സ ഫലപ്രദമല്ലെന്ന് തെളിഞ്ഞതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് (ഐ.സി.എം.ആര്‍). രാജ്യത്തെ 39 ആശുപത്രികളില്‍ വിദഗ്ദര്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ വെളിപ്പെടുത്തല്‍. ഇക്കഴിഞ്ഞ ഏപ്രില്‍ 22 മുതല്‍ ജൂലൈ പതിന്നാല് വരെ വിവിധ മേഖലകള്‍ തിരിച്ചാണ് പഠനം നടത്തിയത്. കേന്ദ്രഭരണ പ്രദേശങ്ങളിലും 14 സംസ്ഥാനങ്ങളിലുമായി 25 നഗരങ്ങളിലെ ഗുരുതരാവസ്ഥയിലായ 1210 രോഗികളില്‍ ആയിരുന്നു പരീക്ഷണം. രോഗം ഗുരുതരമാകുന്നത് തടയാനോ മരണനിരക്ക് കുറയ്ക്കാനോ പ്ലാസ്മ ചികിത്സ സഹായിക്കില്ലെന്ന് പഠനത്തില്‍ വ്യക്തമായതായി ഐസിഎംആര്‍ അറിയിച്ചു. കേരളമടക്കം നിരവധി സംസ്ഥാനങ്ങള്‍ ഇപ്പോള്‍ കോവിഡ് രോഗം മൂര്‍ച്ഛിച്ച രോഗികളില്‍ പ്ലാസ്മ ചികിത്സ നടത്തുന്നുണ്ട്. ഇതിനിടയിലാണ് ഈ ചികിത്സ കൊണ്ട് ഒരു ഗുണവും ഉണ്ടാകുന്നില്ലെന്ന ഐസിഎംആര്‍ വെളിപ്പെടുത്തല്‍.