കണ്ണന് നാളെ പിറന്നാള്‍ സുദിനം. ലോകത്തെവിടെയുമുള്ള പതിനായിരകണക്കിന് വരുന്ന കൃഷ്ണ ഭക്തരുടെ സംഗമ ഭൂമിയാകേണ്ട ഗുരുപവന പുരി നാളെ ശുഷ്‌കമാകും. ഗുരുവായൂരില്‍ ഏറ്റവും കൂടുതല്‍ ഭക്തരെത്തി ചേരുന്ന ദിവസമാണ് അഷ്ടമിരോഹിണി. എന്നാല്‍ കൊവിഡ് 19ന്റെ പശ്ചത്താലത്തില്‍ പേരിന് മാത്രമുള്ള ചടങ്ങായിരിക്കും. പിറന്നാള്‍ സദ്യയുണ്ടാകില്ല. വിശേഷ ദിവസങ്ങളില്‍ മാത്രം എഴുന്നള്ളിക്കാറുള്ള സ്വര്‍ണക്കോലം അഷ്ടമിരോഹിണിക്ക് എഴുന്നള്ളിക്കും. ഒരാനയോടെയാണ് നാളെ സ്വര്‍ണക്കോലമെഴുന്നള്ളിപ്പുണ്ടാവുക. രാവിലെയും ഉച്ചതിരിഞ്ഞും കാഴ്ചശീവേലിക്ക് പെരുവനം കുട്ടന്‍ മാരാര്‍ നേതൃത്വം നല്‍കുന്ന മേളം അകമ്പടിയാകും. മേളത്തിന് വാദ്യ കലാകാരന്മാരുടെ എണ്ണം നിയന്ത്രിക്കും. രാത്രി വിളക്കെഴുന്നെള്ളിപ്പിന് വിശേഷാല്‍ ഇടയ്ക്ക നാദസ്വരം അകമ്പടിയാകും. അഷ്ടമിരോഹിണി ദിവസത്തെ പ്രധാന നിവേദ്യമായ അപ്പം 10000 എണ്ണം തയ്യാറാക്കി നിവേദിക്കും. 200 ലിറ്റര്‍ പാല്‍പായസ നിവേദ്യവും ഉണ്ടാകും. അഷ്ടമിരോഹിണി ദിവസം വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നടക്കാറുള്ള ആഘോഷങ്ങള്‍ ഇക്കുറി ചടങ്ങാകും.