ഇന്ന് ശ്രീകൃഷ്ണ ജയന്തി. വലിയ ആഘോഷങ്ങളും ആരവങ്ങളുമില്ലാതെയാണ് ഇത്തവണ അഷ്ടമിരോഹിണി നാളിലെ കണ്ണന്റെ പിറന്നാളാഘോഷം. കാഴ്ചശീവേലിക്ക് മൂന്നു നേരം സ്വര്ണക്കോലത്തിലുള്ള ഭഗവാന്റെ എഴുന്നെള്ളിപ്പില്‍ മാറ്റമില്ല. കോവിഡ് നിയന്ത്രണം പാലിച്ചു കൊണ്ടാണ് ചടങ്ങുകള്‍. വെര്‍ച്വല്‍ ക്യൂ വഴിയുള്ള ദര്‍ശനം 9.30 ഓടെ ആരംഭിച്ചു. രാവിലെ കാഴ്ചശീവേലിക്ക് പെരുവനം കുട്ടന് മാരാരുടെ നേതൃത്വത്തിലായിരുന്നു പഞ്ചാരിമേളം. രാത്രി 10ന് കൃഷ്ണനാട്ടവും നടക്കും. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് മുതല്‍ പ്രതിദിനം ആയിരം പേര്‍ക്ക് ദര്‍ശനം നടത്താനാകും. ഓണ്‍ലൈന്‍ ആയി ബുക്ക് ചെയ്തവര്‍ക്ക് വെര്‍ച്വല്‍ ക്യൂ വഴിയാണ് ദര്‍ശനം. നാലമ്പലത്തിലേക്ക് ഭക്തര്‍ക്ക് പ്രവേശനമില്ല. ക്ഷേത്രത്തിനകത്ത് ഒരുസമയം 50 പേരില്‍ കൂടുതല്‍ ഭക്തര്‍ ഉണ്ടാകാത്ത വിധത്തിലാണ് ക്രമീകരണം. ഭക്തര്‍ക്ക് പരിമിതമായ തോതില്‍ നിവേദ്യങ്ങളും ഇന്ന് മുതല്‍ നല്‍കുന്നുണ്ട്. അതിനും സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്.